മഹാകുംഭ മേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജനപ്രവാഹം; ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തത് 64 കോടി ഭക്തര്‍
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹം. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെ തീര്‍ത്ഥടക സംഗമം ഇന്ന് സമാപിക്കും. ഇതുവരെ 64 കോടിയിലേറെ തീര്‍ത്ഥടകര്‍ മഹാകുംഭ മേളയില്‍ പങ്കെടുത്തു എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്ക്.
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍, ജനുവരി 13 ന് കുംഭ മേള ആരംഭിച്ച ശേഷം 63.36 കോടി തീര്‍ത്ഥാടകര്‍ പുണ്യസ്നാനം ചെയ്തു എന്നാണ് കണക്കുകള്‍. കഴിഞ്ഞ 10 ദിവസങ്ങളില്‍ പ്രതിദിനം 1.25 കോടി യോളം തീര്‍ത്ഥാടകര്‍ സ്‌നാനത്തിനെത്തി. അവസാന ദിനമായ മഹാശിവരാത്രി സ്‌നാനത്തിനായി 2 കോടി യോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതിലുമേറെ തീര്‍ത്ഥടകര്‍ ത്രിവേണി സംഗമത്തില്‍ എത്തി.
മഹാകുംഭ മേളയിലെ ആറ് അമൃത സ്‌നാനങ്ങളില്‍, പൊതു ജനങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌നാനമാണ് മഹാശിവരാത്രിയിലേത്. വന്‍ ജനത്തിരക്കിനെത്തുടര്‍ന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയത്. നേരത്തെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍, ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. പ്രയാഗ് രാജില്‍ നിന്നും 350 ഓളം പ്രത്യേക ട്രെയിനുകള്‍ ക്രമീകരിച്ചു. 2027ല്‍ നാസിക്കില്‍ ആകും അടുത്ത കുംഭ മേള. 2031 ലാകും പ്രയാഗ് രാജില്‍ വീണ്ടും കുംഭ മേള നടക്കുക.