NationalTop News

കുംഭമേളയില്‍ പങ്കെടുക്കാത്ത നെഹ്‌റു കുടുംബത്തെ വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി

Spread the love

കുംഭമേളസ്ഥലം സന്ദര്‍ശിക്കുകയോ സ്‌നാനം ചെയ്യുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കുംഭമേളയില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയേയും ഹിന്ദു വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുവിനെക്കുറിച്ച് സദാ വാചാലനാകുന്ന ഉദ്ധവ് താക്കറെ കുംഭമേളയില്‍ പങ്കെടുത്തില്ലെന്ന കാര്യം എല്ലാവരും ഓര്‍മിക്കേണ്ടതാണെന്നും രാംദാസ് കൂട്ടിച്ചേര്‍ത്തു.

നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന മഹാകുംഭമേളയില്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് ഒരും പങ്കെടുത്തില്ലെന്ന് ഓര്‍ക്കണമെന്ന് രാംദാസ് പറഞ്ഞു. ഇത് ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ജനങ്ങളുടെ വികാരം മാനിച്ചെങ്കിലും ഇവര്‍ക്ക് പ്രയാഗ്രാജിലെത്താമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഉത്സവത്തില്‍ പങ്കെടുക്കാതിരിക്കുകയും ഹിന്ദു വോട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഇവരുടെയെല്ലാം മനോഭാവം എല്ലാവരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയ്ക്ക് ജനുവരി 13ലെ പൗഷ് പൗര്‍ണിമ സ്നാനത്തോടെയാണ് തുടക്കമായത്. മകരസംക്രാന്തി ദിനമായ ജനുവരി 14 (ഒന്നാം ഷാഹി സ്നാനം), മൗനി അമാവാസി ദിനമായ ജനുവരി 29 (രണ്ടാം ഷാഹി സ്നാനം), വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്ന് (മൂന്നാം ഷാഹി സ്നാനം), മാകി പൂര്‍ണിമ ദിനമായ ഫെബ്രുവരി 12 എന്നീ തീയതികളില്‍ അമൃതസ്നാനം നടന്നു.