‘എന്നെയും യുഡിഎഫ് പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും’; സിപിഐഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അന്‍വര്‍
സിപിഐഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി. ചുങ്കത്തറയിലെ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍.
ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് അന്‍വര്‍ പറയുന്നു. കുടുംബമടക്കി പണി തീര്‍ത്തു കളയും എന്നാണ് വോയ്‌സ് മെസേജ്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ എന്റെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും നെഞ്ചത്തേക്ക് പറഞ്ഞു വിട്ടാല്‍ വീട്ടില്‍ കയറി അടിച്ചു തലപൊട്ടിക്കും. അതില്‍ ഒരു തര്‍ക്കവുമില്ല. ഞങ്ങള്‍ തലക്കേ അടിക്കുകയുള്ളു, പറഞ്ഞു വിടുന്ന തലയ്ക്ക് അന്‍വര്‍ പറയുന്നു. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് അംഗം നുസൈബ സുധീര്‍ പിന്തുണച്ചതോടെ ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായിരുന്നു. അന്‍വറിന്റെ ഇടപെടലാണ് അവിശ്വാസപ്രമേയത്തിന് പിന്നിലെന്ന് നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു.