KeralaTop News

മുഖ്യമന്ത്രി പദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് കെ വി തോമസ്; മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും ചോദ്യം

Spread the love

മുഖ്യമന്ത്രി പദത്തില്‍ ഡോ ശശി തരൂരിനെ പിന്തുണച്ച് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. ശശി തരൂര്‍ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണ് മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും കെവി തോമസ് ചോദിച്ചു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി എംപി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിനെ പ്രൊഫ. കെ വി തോമസ് പരിഹസിച്ചു. ലവ് ലെറ്റേഴ്‌സ് ആര്‍ക്കും കൊടുക്കാമെന്നായിരുന്നു കെ വി തോമസിന്റെ പരിഹാസം.

മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളത്. രമേശ് ചെന്നിത്തലക്കും വി.ഡി. സതീശനും കെസി വേണുഗോപാലിനും ആഗ്രഹം ഇല്ലേ? ശശി തരൂരിന് എന്തുകൊണ്ട് മുഖ്യമന്ത്രിപദം ആഗ്രഹിച്ചുകൂട. തരൂര്‍ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണ്. മറ്റു വഴികള്‍ ഉണ്ടെന്ന് തരൂര്‍ പറഞ്ഞത് പാര്‍ട്ടി വിടും എന്നല്ല. ഇനി പാര്‍ട്ടി വിട്ടാല്‍ അത് സഹിക്കാന്‍ കഴിയാതെ ആയിരിക്കും -അദ്ദേഹം വ്യക്തമാക്കി. നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം വന്നതുകൊണ്ടാണ് താന്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം വേണമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായി കോണ്‍ഗ്രസ് തകര്‍ന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ കോക്കസിന്റെ കൈയ്യില്‍ – അദ്ദേഹം വ്യക്തമാക്കി. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രയങ്കാ ഗാന്ധിയുടെ കത്തിനെ കെ വി തോമസ് പരിഹസിച്ചു. ലവ് ലെറ്റേഴ്‌സ് ആര്‍ക്കും കൊടുക്കാമെന്നായിരുന്നു പ്രതികരണം.

അതുകൊണ്ട് കാര്യം നടക്കണ്ടേ. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരില്‍ ഒരാളായി മാറാന്‍ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കഴിയില്ല. വയനാട്ടില്‍ കേന്ദ്രത്തിന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണ്. അര്‍ഹതപ്പെട്ടത് വയനാടിന് ലഭിക്കണം. കേരളത്തില്‍ മൂന്നാം തവണയും ഇടത് മുന്നണി അധികാരത്തില്‍ വരുമെന്നതില്‍ തര്‍ക്കമില്ല – അദ്ദേഹം വ്യക്തമാക്കി.