‘ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകൾ; ചിലർ വ്യാമോഹിപ്പിച്ചു’; എളമരം കരീം
ആശാ വർക്കർമാരുടെ സമരത്തെ തള്ളി സി.പി.ഐ.എം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരീമിന്റെ വിമർശനം. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്ന് എളമരം കരീം പറയുന്നു.
ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചുവെന്നും പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരമെന്നും എളമരം കരീം വിമർശിച്ചു. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻ എച്ച് എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല. ആശമാരുടെ വേതന വർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണെന്ന് ലേഖനത്തിൽ എളമരം കരീം പറയുന്നു.
അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഇന്ന് സമരപ്പന്തൽ സന്ദർശിക്കും. ഉയർത്തിയിരിക്കുന്ന ആവശ്യങ്ങൾ നൂറു ശതമാനം ശരിയാണ്. അത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞെന്ന് സമരക്കാർ പറയുന്നു. ഇനി സർക്കാർ വിഷയത്തിൽ തീരുമാനം എടുക്കണമെന്നും പരിഗണിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.