‘സംസ്ഥാന നേതാക്കൾ മറുപടി പറഞ്ഞ് പ്രശ്നം വലുതാക്കരുത്’; ശശി തരൂരിനെ അവഗണിക്കാൻ ഹൈക്കമാൻഡ് നിർദേശം
ശശി തരൂരിനെ അവഗണിക്കാൻ ഹൈക്കമാൻഡ് നിർദേശം. സംസ്ഥാന നേതാക്കൾ മറുപടി പറഞ്ഞ് പ്രശ്നം വലുതാക്കരുതെന്ന് ഹൈക്കമാൻഡ്. കരുതലോടെ പ്രതികരിക്കാൻ സംസ്ഥാന നേതൃത്വം. നേതാക്കൾ ശശി തരൂർ വിഷയത്തിൽ കരുതലോടെയാണ് പ്രതികരണം നടത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ചില്ല. തരൂരുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ശേഷം തരൂർ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. താൻ കെ പി പി സി പ്രസിഡൻ്റായിരുന്ന കാലത്താണ് തരൂരിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. തരൂരിനെ എം പി യാക്കിയതും മന്ത്രിയാക്കിയതും പാർട്ടിക്ക് അനിവാര്യനായതുകൊണ്ട്. മറ്റ് വിവാദത്തിനില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശശി തരൂരിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് കെ മുരളീധരൻ. ശശി തരൂരിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണം. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്. ആരും പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ പാടില്ലെന്നായിരുന്നു കെ മുരളീധരൻ പ്രതികരിച്ചത്.
വിഷയത്തിൽ കെ സി വേണുഗോപാൽ എംപിയും പ്രതികരിച്ചില്ല. നോ കമന്റ്സ് എന്നായിരുന്നു മാധ്യമപ്രവർത്തകർക്ക് മറുപടി നൽകിയത്. മാധ്യമങ്ങളാണ് മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. അതേസമയം ശശി തരൂരിനെ പിന്തുണച്ച് സിപിഐഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. ശശി തരൂരിന്റെ ലേഖന വിവാദത്തിന് കെട്ടടങ്ങുമുൻപാണ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് ശശി തരൂരിന്റെ അടുത്ത പ്രതികരണം എത്തിയത്.
പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചിരുന്നു. പരിശ്രമിച്ചില്ലെങ്കിൽ കോൺഗ്രസിന് കേരളത്തിൽ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവർത്തകർക്ക് ആശങ്കയുണ്ടെന്നും ശശി തരൂർ തുറന്നുപറയുന്നു. സ്വന്തം വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റിലായിരുന്നു തരൂരിന്റെ പ്രതികരണം.