നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം; ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം ഇന്ന് സമാപിക്കും
കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമവുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം. സമാപന ദിവസമായ ഇന്ന് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തു വിടുമെന്നാണ് പ്രതീക്ഷ. അദാനി ഗ്രൂപ്പും ലുലു ഗ്രൂപ്പും ആസ്റ്റര്‍ ഗ്രൂപ്പും കഴിഞ്ഞ ദിവസം തന്നെ വമ്പൻ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. അദാനി ഗ്രൂപ്പിന് വേണ്ടി സമ്മിറ്റിൽ പങ്കെടുത്തത് കരൺ അദാനിയാണ്. വിഴിഞ്ഞം തുറമുഖത്തിൻ്റെ ഭാഗമായി 20000 കോടിയുടെ അധിക നിക്ഷേപവും കൊച്ചിയിൽ 5000 കോടിയുടെ ഇ-കൊമേഴ്സ് ഹബ്ബും സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലും 5000 കോടി നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
850 കോടി രൂപയുടെ നിക്ഷേപമാണ് ആസ്റ്റര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ആസാദ് മൂപ്പനാണ് നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചത്. തെലങ്കാനയിലെ കൃഷ്ണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 3000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ അടക്കം 6 ഇടങ്ങളിൽ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികൾ തുടങ്ങാനാണ് താത്പര്യം അറിയിച്ചത്.
ഭക്ഷ്യ സംസ്കരണ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് പറഞ്ഞ ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി നിക്ഷേപ തുക ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വികസന കാര്യത്തിൽ സംസ്ഥാനത്ത് മുന്നണികൾ ഏകാഭിപ്രായമായത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ, ബഹറൈന്‍ രാജ്യങ്ങളില്‍ നിന്നും വമ്പൻ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
വ്യവസായ രംഗത്തെ കേരളത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. നിക്ഷേപകർക്ക് ചുവപ്പുനാട കുരുക്കിനെപ്പറ്റി ആശങ്ക വേണ്ടെന്നും ഭൂമി കിട്ടാത്തതിൻ്റെ പേരിൽ ഒരു നിക്ഷേപകനും കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. വ്യവസായ വികസനത്തിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും പീയുഷ് യോഗലും വ്യക്തമാക്കി.
കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉൾപ്പെടെ മൂവായിരത്തിലേറെ പ്രതിനിധികൾ രണ്ട് ദിവസത്തെ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക