KeralaTop News

കാക്കനാട്ടെ കൂട്ടആത്മഹത്യ; ജിഎസ്ടി കമ്മിഷണറുടെ കുടുംബം മരിക്കാന്‍ കാരണം സഹോദരിക്ക് ജോലി നഷ്ടമായ മനോവിഷമം? ഡയറിക്കുറിപ്പ് കണ്ടെത്തി

Spread the love

കാക്കനാട് ജിഎസ്ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന്. സഹോദരിയുടെ ജോലി നഷ്ടമായതിന്റെ മനോവിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയില്‍ രേഖകള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഡയറിക്കുറിപ്പുകളും കണ്ടെത്തി. സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട രേഖകള്‍ ആകാമെന്നാണ് പൊലീസിന്റെ നിഗമനം .ഝാര്‍ഖണ്ഡ് സ്റ്റേറ്റ് സര്‍വീസില്‍ ജോലി ലഭിച്ച സഹോദരിക്ക് ജോലി നഷ്ടമായതിന്റെ മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ചെന്നാണ് സൂചന. മനീഷിന്റെ അമ്മയാണ് ആദ്യം മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിന് ശേഷമാകാം മനീഷും സഹോദരിയും തൂങ്ങിമരിച്ചത്. അമ്മയുടെ മരണം എങ്ങനെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ തെളിയുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു.

തൃക്കാക്കരയില്‍ മരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മനീഷിന്റെ മറ്റൊരു സഹോദരി വിദേശത്താണ്. ഇന്നലെ 6 മണിയോടെയാണ് മൂന്നഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷും, ശാലിനിയും തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ അമ്മ കട്ടിലില്‍ മരിച്ച കിടക്കുന്നതായാണ് കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ അമ്മയുടെ മരണ കാരണം വ്യക്തമാക്കാനാവു എന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി ആറരയോട് കൂടിയാണ് സംഭവം പുറംലോകം അറിയുന്നത്. ജിഎസ്ടി ഓഡിറ്റ് കമ്മീഷണറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ മനീഷ് വിജയിയും കുടുംബവുമാണ് മരിച്ചത്. മൃതദേഹത്തിന് അടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വിദേശത്തുള്ള സഹോദരിയെ മരണവിവരം അറിയിക്കണമെന്ന് മാത്രമാണ് എഴുതിയിട്ടുള്ളത്. മനീഷ് വിജയിയും സഹോദരി ശാലിനി വിജയിയും തൂങ്ങിയ നിലയിലായിരുന്നു. അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കിടക്കയില്‍ കിടക്കുന്ന രീതിയിലായിരുന്നു. ഇവരുടെ മൃതദേഹത്തോടു ചേര്‍ന്ന് കുടുംബ ഫോട്ടോയും വെച്ചിരുന്നു. അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍ വിതറിയിരുന്നതായി ദൃക്‌സാക്ഷികള്‍ അറിയിച്ചിരുന്നു.