തന്നെ കാണാൻ ഔദ്യോഗിക വസതിയിലേക്ക് ആശാവർക്കർമാർ എത്തിയിട്ടില്ല; ആരോപണം തള്ളി മന്ത്രി വീണ ജോർജ്
ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയെ കാണാൻ ആശവർക്കർമാരെ അനുവദിച്ചില്ലെന്ന സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിൽ തിരക്കുകൾ ഉണ്ടായിരുന്നതിനാൽ ആശാവർക്കർമാരെ സഭയ്ക്ക് പുറത്തുവെച്ചാണ് കണ്ടിരുന്നത്.അന്ന് നിവേദനം ആശമാർ നൽകി. ആരോപണത്തിന് പിന്നിലുള്ള ദുരുദ്ദേശ്യം എന്താണ് എന്നറിയില്ല. തന്റെ ഭർത്താവ് താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ല. പത്തനംതിട്ടയിലെ വീട്ടിലേക്കും സമരക്കാർ വന്നതായി അറിയില്ല. സംശയമുണ്ടെങ്കിൽ സിസിടിവി പരിശോധിക്കാം സമരമുഖത്ത് അങ്ങനെയുള്ള കാര്യങ്ങൾ പറയുമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ച സർക്കാർ തീരുമാനം തള്ളിയാണ് ആശാവർക്കർമാർ അനിശ്ചിതകാല സമരം തുടരുന്നത്. ഓണറേറിയം വർദ്ധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ആശമാരുടെ നിലപാട്. പിഎസ്.സി അംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിച്ച സർക്കാർ തങ്ങളെ പരിഹസിക്കുകയാണെന്നും ആശമാർ കുറ്റപ്പെടുത്തി. അതിനിടെ ആശാവർക്കർമാർക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ചു. ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം.