യാത്രാപടിക്ക് ഇവിടെയും കേരളത്തിന് വേണ്ടി ഡൽഹിയിലും കെ വി തോമസ് നടത്തുന്ന പോരാട്ടങ്ങൾ
ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയായ പ്രൊഫ. കെ വി തോമസ് തന്റെ യാത്രാപടി വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് നൽകിയ അപേക്ഷ മന്ത്രിസഭാ യോഗത്തിൽ പരിഗണനയ്ക്ക് വന്നിരിക്കുന്നു. തന്റെ പ്രതിവർഷ യാത്രാബത്ത അഞ്ചുലക്ഷത്തിൽ നിന്നും 11 ലക്ഷം രൂപയാക്കണമെന്നായിരുന്നു അപേക്ഷ. പ്രതിവർഷം ലഭിച്ചുകൊണ്ടിരിക്കുന്ന അഞ്ചുലക്ഷം യാത്രയ്ക്ക് തികയുന്നില്ലെന്നും യാത്രാബത്ത 11 ലക്ഷമാക്കി വർധിപ്പിക്കണമെന്നുമായിരുന്നു അപേക്ഷ. അപേക്ഷ പരിഗണിക്കുകയും 11. 31 ലക്ഷം രൂപയായി യാത്രാബത്ത ഉയർത്താനുമാണ് സർക്കാരിന്റെ ശിപാർശ.
പ്രതിവർഷം ലഭിക്കുന്ന അഞ്ചുലക്ഷത്തിൽ നിന്നും ഗണ്യമായ വർധനയാണ് കേരള പ്രതിനിധിക്ക് നൽകുന്നത്. ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാപടിയിൽ വർധനവേണമെന്നും ഇപ്പോൾ ലഭിക്കുന്നതുകൊണ്ട് യാത്ര ചെയ്യാൻ കഴിയില്ലെന്നും കെ വി തോമസിന്റെ ഓഫീസ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് യാത്രാബത്ത വർധിപ്പിക്കാൻ ധനവകുപ്പിനോട് മന്ത്രിസഭായോഗം ശിപാർശ ചെയ്തിരിക്കുന്നത്. ഇന്നലെ നടന്ന സബ്കമ്മിറ്റി യോഗമാണ് യാത്രാബത്ത വർധിപ്പിക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ചത്. സബ്ജക്റ്റ് കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ച് ധനവകുപ്പിന് കൈമാറിയതോടെ 11.31 ലക്ഷം രൂപ നടപ്പുമാസം മുതൽ കെ വി തോമസിന് ലഭിക്കും.
കേരള സർക്കാറിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുന്നതിനും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമായാണ് കേരളത്തിന്റെ ഒരു പ്രതിനിധിയെ ചെല്ലും ചിലവും കൊടുക്ക് രാജ്യതസ്ഥാനത്ത് പാർപ്പിച്ചിരിക്കുന്നത്. ഇത് നേരത്തെ പതിവില്ലാത്തതായിരുന്നു. മുൻ ആറ്റിങ്ങൽ എം പിയും സി പി എം നേതാവുമായിരുന്ന എ സമ്പത്തായിരുന്നു കേരളത്തിന്റെ ആദ്യത്തെ ഡൽഹിയിലെ പ്രതിനിധി. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനായി നേരത്തെ എം പി മാരായിരുന്നു കേന്ദ്രത്തിൽ ഇടപെട്ടിരുന്നത്. എന്നാൽ ആവശ്യങ്ങൾ വർധിക്കുകയും രാഷ്ട്രീയ കാലാവസ്ഥ മാറുകയും ചെയ്തതോടെയാണ് ഇടനിലക്കാരെ വച്ച് കാര്യങ്ങൾ സാധിച്ചെടുക്കുകയെന്ന രീതി അവംലംബിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായിരുന്ന എ സമ്പത്ത് ആ കസേരയിൽ വൻ പരാജയമായിരുന്നു. സമ്പത്തിന്റെ സേവനം കോവിഡാനനന്തരം അവസാനിച്ചു. ഇതേ കാലത്താണ് പ്രൊഫ. കെ വി തോമസ് കോൺഗ്രസ് നേതൃത്വവുമായി പിണങ്ങുന്നതും സി പി എം പാർട്ടി കോൺഗ്രസ് വേദിയിൽ എത്തുന്നതും. കോൺഗ്രസ്‌വിട്ട തോമസ് മാഷ് പെരുവഴിയിലാവില്ലെന്നായിരുന്നു സി പി എമ്മിന്റെ ആദ്യ പ്രതികരണം. ഏറെ വൈകാതെ കെ വി തോമസ് എന്ന മുൻ കേന്ദ്രമന്ത്രി കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിയായി അവരോധിക്കപ്പെട്ടു. അങ്ങിനെ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ വി തോമസ് അനാഥനായില്ല. കെ വി തോമസിന് ഓറണറേറിയം ഇനത്തിലും മറ്റുമായി ഇപ്പോൾ തന്നെ വൻ തുകയാണ് സർക്കാർ ചിലവിടുന്നത്.
കേരളാ ഹൗസിൽ ഓഫീസ്, സ്റ്റാഫ്, കാർ മറ്റു സൗകര്യങ്ങൾ എല്ലാം ഒരുക്കി. ദീർഘകാലം ഡൽഹിയിൽ എം പിയായും മന്ത്രിയായും പ്രവർത്തിച്ച അനുഭവങ്ങൾ കേരളത്തിന് മുതൽകൂട്ടാവുമെന്നായിരുന്നു കെ വി തോമസിനെ നിയമിച്ചപ്പോഴുണ്ടായ മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്നാൽ കഴിഞ്ഞ മൂന്നു വർഷമായിട്ടും കെ വി തോമസ് കേന്ദ്രസർക്കാരിൽ ഇടപെട്ട് കേരളത്തിനായി എന്തെങ്കിലും വാങ്ങിച്ചെടുത്തതായി ഇതുവരെ വിവരങ്ങളില്ല. ബജറ്റിൽ കേരളത്തിന് അവഗണന അനുഭവപ്പെട്ടപ്പോഴും വയനാട്ട് പാക്കേജ് പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾക്കോ കെ വി തോമസിന്റെതായ പ്രത്യേക ഇടപെടൽ നടന്നതായും വ്യക്തമല്ല. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന അറിയിപ്പാണ് ഈ അടുത്തകാലത്തായി കെ വി തോമസ് കേന്ദ്രത്തിൽ ഇടപെട്ട് കൈപ്പറ്റിയതെന്നാണ് അറിവ്. കടം എടുപ്പിനുള്ള പരിധി വർധിപ്പിക്കുന്നതിനായി കെ വി തോമസ് എന്തെങ്കിലും ഇടപെട്ടതായോ, ജി എസ് ടി വിഹിതം വർധിപ്പിക്കുന്നതിനായി ഇടപെടൽ നടത്തിയതായോ ഒന്നും സംസ്ഥാന സർക്കാർ പരസ്യമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. കേരളത്തിന്റെ എന്ത് ആവശ്യങ്ങൾ നേടിയെടുക്കാനാണ് ഇത്രയും തുക ചിലവിട്ട് കെ വി തോമസിനെ ഡൽഹിയിൽ ക്യാബിനറ്റ് റാങ്കോടെ ഇരുത്തിയിരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരാൾക്ക് രാഷ്ട്രീയ കാരണങ്ങളാൽ ഒരു ചുമതല നല്കി കേരളീയരുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കേരളത്തിന്റെ പ്രതിനിധിയായി ഒരാൾ ഡൽഹിയിൽ ആവശ്യമുണ്ടോ എന്നാണ് ആദ്യം സർക്കാർ പുന:പരിശോധന നടത്തേണ്ടത്. കെ വി തോമസ് എന്ന മുൻ കേന്ദ്രമന്ത്രിയെ സി പി എം ഏറ്റെടുത്ത് വൻതുക ചിലവഴിച്ച് ഡൽഹിയിൽ ഇരുത്തി വർഷം വൻ തുക പാഴാക്കുന്നതിന് വ്യക്തത വരുത്തേണ്ടതുണ്ട്.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നും ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും വാങ്ങിയെടുത്ത നേതാവായിരുന്നു പ്രൊഫ. കെ വി തോമസ്. സംസ്ഥാന മന്ത്രിയായും എം പിയായും കേന്ദ്രമന്ത്രിയായും ഒക്കെ സേവനമനുഷഠിച്ച വ്യക്തിയാണ്. സി പി എം രാഷ്ട്രീയ അഭയം നൽകിയെന്ന ഒറ്റക്കാരണത്താൽ ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായി നിയമനം നൽകി. കോർപ്പറേറ്റുകളുമായുള്ള ചർച്ചകൾക്കും മറ്റും ഉപയോഗിക്കാനാണ് കെ വി തോമസിന് ഡൽഹിയിൽ പ്രത്യേക പദവി നൽകി ഇരുത്തിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ കെ വി തോമസിനെക്കൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് ഗുണം എന്തെങ്കിലും ലഭിച്ചോ എന്നൊന്നും ഇതുവരെ വ്യക്തമല്ല. എന്നാൽ തന്റെ വേതന വ്യവസ്ഥകൾ എല്ലാ വർഷവും വർധിപ്പിക്കുന്നതിനായും യാത്രാബത്ത, ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടങ്ങിയവ വർധിപ്പിക്കാനായി സർക്കാരിൽ സമ്മർദ്ധം ചെലുത്താനും, ലക്ഷ്യമിടുന്ന വേതനവും മറ്റു ആനുകൂല്യങ്ങളും ക്യത്യസമയത്ത് വാങ്ങിയെടുക്കാനും കെ വി തോമസ് കാണിക്കുന്ന ജാഗ്രത ആരേയും ആകർഷിക്കുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്പര്യപ്രകാരമാണ് കെ വി തോമസിനെ കേരളാ പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കാൻ കാരണമെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. എക്‌സാലോജിക്ക് കേസിൽ മകൾ വീണയ്‌ക്കെതിരെയുള്ള എസ് എഫ് ഐ ഒ യുടെ അന്വേഷണം, കരിമണൽ കർത്തയുമായി ബന്ധപ്പെട്ടുള്ള ഇ ഡി അന്വേഷണം, തുടങ്ങി കേന്ദ്രത്തിലെ വിവിധ ഏജൻസികളുമായുള്ള ഇടപെടലുകൾക്കായാണ് കെ വി തോമസിനെ മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കോൺഗ്രസിൽ നിന്നും ഒരു ഉന്നത നേതാവിനെ അടർത്തിയെടുത്ത് സർക്കാരിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിഞ്ഞത് വൻ രാഷ്ട്രീയ നേട്ടമായാണ് സി പി എം വിലയിരുത്തുന്നത്. പി എസ് സി ചെയർമാന്റെ ആനുകൂല്യങ്ങൾ വൻതോതിൽ വർധിപ്പിച്ചതിലുള്ള പ്രതിഷേധം ശക്തമായിരിക്കയാണ് കെ വി തോമസിന്റെ യാത്രാബത്ത വർധിപ്പിക്കാനുള്ള ശിപാർശയും ഉണ്ടായിരിക്കുന്നത്.