പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ കൊച്ചി ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പിൽ ഇ ഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. ഇയാൾക്കെതിരെ ഏറ്റവും കൂടുതൽ തെളിവുകൾ ഉണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്ന കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടക്കുന്നത്. വാറണ്ടുമായി ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നതിനാൽ ഇവിടെ നിന്നും ഇഡി പിൻവാങ്ങി. കടവന്ത്രയിലെ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ ഉണ്ടെന്നും പരിശോധന പൂർത്തിയാകാൻ സമയമെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
അതേസമയം, കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആനന്ദ കുമാർ ദേശീയ ചെയർമാൻ ആയ ദേശിയ എൻജിയോ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.