Saturday, February 22, 2025
KeralaTop News

കുമാരപുരത്തും കേശവദാസപുരത്തും ബൈക്കിൽ വരികയായിരുന്ന 2 പേരെ തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടിയത് 3.5 കിലോ കഞ്ചാവ്

Spread the love

തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 3.5 കിലോഗ്രാമിലധികം കഞ്ചാവ് കണ്ടെടുത്ത് രണ്ട് പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തു. 2.004 കിലോഗ്രാം കഞ്ചാവുമായി അശോകനെയും (52 ) 1.54 കിലോഗ്രാം കഞ്ചാവുമായി നസീഫ് (41 ) എന്നയാളുമാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

കേശവദാസപുരത്തും വെച്ചാണ് എക്സൈസ് പിടികൂടിയത്. ബൈക്കിൽ കഞ്ചാവുമായി വരികയായിരുന്ന ഇരുവരെയും എക്സൈസ് സംഘം പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ഐബി യൂണിറ്റും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

ഐബി പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്.ആർ, പി.ബി.ഷാജു, ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ബിജുരാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്.ഡി, പ്രിവന്റീവ് ഓഫീസർ ബിനുരാജ്, സിവിൽ എക്സൈസ് ഓഫീസർ ബിനു, വനിത സിവിൽ എക്സൈസ് ഓഫീസർ ആശ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അരുൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.