‘അപകടത്തിന് അനൗൺസ്മെന്റിലെ ആശയക്കുഴപ്പം’; റെയിൽവേയെ കുറ്റപ്പെടുത്തി ഡൽഹി പോലീസ്
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി ഡൽഹി പോലീസ്. അനൗൺസ്മെന്റിലെ ആശയക്കുഴപ്പമാണ് അപകടത്തിന് ഇടയാക്കിയത്. ‘പ്രയാഗ്രാജ്’ എന്ന് തുടങ്ങുന്ന 2 ട്രെയിനുകൾ ഒരേ സമയം 2 പ്ലാറ്റഫോമുകളിൽ എത്തി. പ്രയാഗ് രാജിലേക്കുള്ള നാല് ട്രെയിനുകളിൽ മൂന്നെണ്ണം വൈകിയതും അപകടത്തിന് കാരണമായി എന്ന് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്.
പ്ലാറ്റ്ഫോം നമ്പർ 14ൽ നിർത്തിയിട്ട പ്രയാഗ്രാജ് എക്സ്പ്രസിൽ കയറാൻ തിരക്ക് ഉണ്ടായിരുന്നു. കൂടാതെ സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വർ രാജധാനിയും വൈകുകയും ചെയ്തു. ഇതോടെ തിരക്ക് അധികരിച്ചു. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോകാനാണ് ആളുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മരിച്ചവരിൽ 11 സ്ത്രീകളും നാല് കുട്ടികളും. ഇന്നലെ രാത്രി 10 മണിയോടെ പ്ലാറ്റ്ഫോം നമ്പർ 13, 14, 15ലാണ് വൻതിരക്ക് അനുഭവപ്പെട്ടത്. അപകടത്തിൽ റെയിൽവേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയോട് ലെഫ്റ്റനന്റ് ഗവർണർ റിപ്പോർട്ട് തേടി.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് റെയിൽവേ. ഗുരുതരമായി പരുക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നൽകും. പ്ലാറ്റ്ഫോം നമ്പർ 14ൽ പ്രയാഗ്രാജ് എക്സ്പ്രസ് നിർത്തിയിട്ടിട്ടുണ്ടായിരുന്നു. നിരവധി ആളുകൾ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നു. സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വർ രാജധാനിയും വൈകുകയും ചെയ്തു. ഈ ട്രെയിനിൽ പോകാനുള്ള ആളുകളും 12,13,14 പ്ലാറ്റ്ഫോമുകളിൽ ഉണ്ടായിരുന്നു. 1500ത്തോളം ജനറൽ ടിക്കറ്റുകളാണ് വിറ്റത്.