ആരോപണങ്ങള്‍ സംഘടനക്ക് ഉള്ളില്‍ പറയണമായിരുന്നു; പരസ്യമായി ഉന്നയിച്ചത് ശരിയായില്ല’; ആന്റണി പെരുമ്പാവൂരിനെ വിമര്‍ശിച്ച് സിയാദ് കോക്കര്‍
സിനിമ സമരം നടത്തുന്നതില്‍ പുനരാലോചന നടത്താന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സമരം ഉപേക്ഷിക്കാന്‍ സാധ്യത. സംഘടനയ്ക്ക് ഉള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് നീക്കം. അതിനിടെ ആന്റണി പെരുമ്പാവൂരിനെ വിമര്‍ശിച്ച് നിര്‍മാതാവ് സിയാദ് കോക്കര്‍ രംഗത്തെത്തി. ആരോപണങ്ങള്‍ സംഘടനക്ക് ഉള്ളില്‍ പറയണമായിരുന്നുവെന്നും പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
സംയുക്ത യോഗത്തില്‍ വിളിച്ചെങ്കിലും ആന്റണി പെരുമ്പാവൂര്‍ പങ്കെടുത്തില്ലെന്നും യോഗത്തില്‍ പങ്കെടുക്കാതെ വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുമായും അടുത്ത സൗഹൃദമാണ് തങ്ങളുടെ അടുത്ത സുഹൃത്താണ് എന്നെല്ലാം ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സിയാദ് കോക്കര്‍ പറഞ്ഞു.
നിര്‍മാതാവ് ജി സുരേഷ്‌കുമാറിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായാണ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത്. സുരേഷ്‌കുമാറിന്റെ നിലപാടുകള്‍ ബാലിശവും അപക്വവുമെന്ന് ആന്റണി പെരുമ്പാവൂര്‍ വിമര്‍ശിച്ചു. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങള്‍ ആലോചിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
ആന്റോ ജോസഫിനെ പോലെയുള്ളവര്‍ സുരേഷ്‌കുമാറിനെ തിരുത്തണമെന്നും ആന്റണി പെരുമ്പാവൂര്‍ തുറന്നടിച്ചു. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടതെന്നെന്നും ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞത് കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് താന്‍ കരുതുന്നതെന്നും എന്നാല്‍ ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.