ഇന്ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനം
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശ്രദ്ധേയമായ നേട്ടങ്ങളെയും സംഭാവനകളെയും അംഗീകരിക്കുന്നതിനായി ഫെബ്രുവരി 11 ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനമായി ആഘോഷിക്കുന്നു. ഇങ്ങനെയൊരു ദിവസത്തെപ്പറ്റി അധികമാർക്കും അറിയില്ലയെന്നതാണ് വാസ്തവം. ഇത്തവണ പത്താമത്തെ അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനമാണ് ആഘോഷിക്കപ്പെടുന്നത്.
2015 ൽ ഐക്യരാഷ്ട്രസഭ ഫെബ്രുവരി 11 അന്താരാഷ്ട്ര ശാസ്ത്ര വനിതാ-പെൺകുട്ടി ദിനമായി പ്രഖ്യാപിച്ചു. ലിംഗസമത്വം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ശാസ്ത്രീയ, സാങ്കേതിക, ഗണിത പഠനങ്ങളിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനുമായി ഈ ദിനം ആഘോഷിക്കാൻ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയർത്തുന്നതിന് മാതൃകാപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിൽ സ്ത്രീകൾക്ക് ഇപ്പോഴും പ്രാതിനിധ്യം കുറവാണ്.
“STEM കരിയറുകളെക്കുറിച്ചുള്ള അറിവ്: ശാസ്ത്രത്തിലെ അവളുടെ ശബ്ദം” എന്നതാണ് പത്താം അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനത്തിന്റെ പ്രമേയം. ഈ വർഷത്തെ അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനത്തിന്റെ ശ്രദ്ധാകേന്ദ്രം സ്റ്റീരിയോടൈപ്പുകൾ ഉപേക്ഷിച്ച് പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.