‘ലോകത്തിലെ ഏറ്റവും വലിയ ഗതാഗതകുരുക്ക് ‘; കുംഭമേളയിലേക്കുള്ള റോഡിൽ 300 കിലോമീറ്ററോളം കുടുങ്ങി വാഹനങ്ങൾ
പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്ക് കാരണം ഞായറാഴ്ച വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത് .പ്രയാഗ്‌രാജിലെ 300 കിലോമീറ്ററോളം നീളുന്ന റോഡുകൾ ഇപ്പോൾ വാഹന പാർക്കിങ്ങിനുള്ള ഇടമായി മാറിയിരിക്കുകയാണ്.”ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്” എന്നാണ് നെറ്റിസൺസ് ഇതിനെ വിശേഷിപ്പിച്ചത്. പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങളാണ് മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നത്.
തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി കട്നി ജില്ലയിലെ പോലീസ് അറിയിച്ചിട്ടുണ്ട്, അതേസമയം മൈഹാർ പോലീസ് യാത്രക്കാരോട് കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോകാനും അവിടെ തന്നെ തുടരാനും ആവശ്യപെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ കട്‌നി, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിരയാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, 200-300 കിലോമീറ്ററോളം ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രയാഗ്‌രാജിലേക്ക് പോകുന്നത് അസാധ്യമാണെന്നാണ് പൊലിസ് പറയുന്നത്.
‘ഞായറാഴ്ച ഉണ്ടായ തിരക്ക് വലിയ ഗതാഗതക്കുരുക്കിന് കാരണമായി ,സ്ഥിതിഗതികൾ രണ്ട് ദിവസത്തിനുള്ളിൽ നിയന്ത്രവിധേയമാകും , പ്രയാഗ്‌രാജ് ഭരണകൂടവുമായി ചേർന്ന് മധ്യപ്രദേശ് പൊലിസ് വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നും’ ഇൻ ചാർജ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (രേവ സോൺ) സാകേത് പ്രകാശ് പാണ്ഡെ അറിയിച്ചു.
അതേസമയം, പ്രയാഗ്‌രാജിലേക്ക് പോകുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവില്ലെന്നും, ഇത് രേവ-പ്രയാഗ്‌രാജ് റൂട്ടിലെ വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുന്നതിന് കാരണമായെന്ന് രേവ ജില്ലാ ഭരണകൂടം വ്യക്തമാക്കി.ചക്ഘട്ടിലും സ്ഥിതികളിൽ മാറ്റമില്ലെന്ന് ഭരണകൂടം പറയുന്നു.
പ്രയാഗ്‌രാജിലേക്ക് ഇനിയും 400 കിലോമീറ്ററോളം ഉണ്ടെന്നും ഇപ്പോഴും കുരുക്കിൽ തന്നെയാണെന്നും യാത്രക്കാർ ദയവായി നിലവിലെ ഗതാഗത സാഹചര്യം മനസിലാക്കണമെന്നും യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഇതുപോലെ കുരുക്കിലകപ്പെട്ട നിരവധി യാത്രക്കാർ പ്രതികരണവുമായി എത്തിയിട്ടുണ്ട്.
ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് സുരക്ഷിതമായ താമസം, ഭക്ഷണം, വെള്ളം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് രേവ ജില്ലാ കളക്ടർ പ്രതിഭ പാൽ പറഞ്ഞു. മഹാ കുംഭമേളയ്ക്ക് പോകുന്ന ഭക്തർക്ക് എല്ലാ സഹായവും എത്തിക്കണമെന്നും , ആവശ്യമെങ്കിൽ ഭക്ഷണവും , താമസ സൗകര്യവും ഒരുക്കി കൊടുക്കണമെന്നും ,ഭക്തർക്ക് ഒരു തരത്തിലുമുള്ള അസൗകര്യവും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മധ്യപ്രദേശ് ബിജെപി പ്രസിഡന്റ് വി ഡി ശർമ്മ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചുകൊണ്ട് തന്റെ എക്സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.
ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 ന് അവസാനിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനായി രാജ്യത്തിനകത്ത് നിന്നും വിദേശത്തുനിന്നും 40 കോടിയിലധികം സന്ദർശകരാണ് ഇതുവരെ എത്തിയത്.