NationalTop News

മേശപ്പുറത്ത് വെച്ചിരുന്ന വിളക്കിൽ നിന്ന് ക‍ർട്ടനിലേക്ക് തീ പടർന്നു; ഫ്ലാറ്റിന് തീപിടിച്ച് വയോധിക മരിച്ചു

Spread the love

പൂനെ: അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടുത്തത്തിൽ 65 വയസുകാരി മരിച്ചു. ഫ്ലാറ്റിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പൂനെയിലെ കോൻദ്വാ പ്രദേശത്തായിരുന്നു ദാരുണമായ അപകടമുണ്ടായത്. എൻഐബിഎം റോഡിലെ സൺശ്രീ ബിൽഡിങിന്റെ നാലാം നിലയിൽ തീ പടരുകയായിരുന്നു.

വിവരം ലഭിച്ചത് അനുസരിച്ച് നാല് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി. മൂന്ന് പേരാണ് സംഭവ സമയത്ത് അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. ഒരാൾ ആദ്യം തന്നെ രക്ഷപ്പെട്ടു. 65കാരിയും മറ്റൊരാളും അകത്ത് കുടുങ്ങിപ്പോയി. അഗ്നിശമന സേന സ്ഥലത്തെത്തി ഇവരെ രണ്ട് പേരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 65കാരി മരിച്ചു. പരിക്കേറ്റ മറ്റൊരാളിന്റെ നില ഗുരുതരമല്ല.
ഫ്ലാറ്റിലെ മേശപ്പുറത്ത് വെച്ചിരുന്ന വിളക്കിൽ നിന്ന് മുറിയിലെ കർട്ടനിലേക്ക് തീ പടരുകയും ഇത് വലിയ തീപിടുത്തത്തിൽ കലാശിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നും അധികൃതർ പറഞ്ഞു.