NationalTop News

‘മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം’; കേന്ദ്രത്തിന് മുന്നിൽ അഭ്യർത്ഥനകളുമായി ബിരേൻ സിങ്

Spread the love

മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എൻ ബിരേൻ സിങ്. രാജിക്കത്തിലായിരുന്നു പരാമർശം. ഓരോ മണിപ്പൂരിയുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ നടപടികൾ, ഇടപെടലുകൾ, വികസന പ്രവർത്തനങ്ങൾ, നടത്തിയതിൽ കേന്ദ്രസർക്കാരിനോട് കടപ്പാടുണ്ടെന്ന് ബിരേൻ സിങ് പറയുന്നു.

രാജിക്കത്തിൽ കേന്ദ്രത്തിനോട് അഭ്യർത്ഥനകളും ബിരേൻ സിങ് നടത്തിയിട്ടുണ്ട്. മണിപ്പൂരിന്റെ പ്രാദേശിക സമഗ്രത നിലനിർത്തണമെന്നും നുഴഞ്ഞുകയറ്റം തടയുന്നതിനും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നയം രൂപീകരിക്കണമെന്നും കേന്ദ്രത്തിനോട് ബിരേൻ സിങ് അഭ്യർത്ഥിച്ചു. മയക്കുമരുന്നിനും നാർക്കോ ഭീകരതയ്ക്കുമെതിരായ പോരാട്ടം തുടരണെമെന്നും ബയോമെട്രിക് ഉപയോഗിച്ചുള്ള എഫ്എംആറിന്റെ കർശനവും സുരക്ഷിതവുമായ പരിഷ്കരിച്ച സംവിധാനം തുടരണമെന്നും രാജിക്കത്തിൽ ബിരേൻ സിങ് ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും എൻ ബിരേൻ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നും മണിപ്പൂർ ബിജെപിയിലും ആവശ്യമുയർന്നിരുന്നു. നാളെ മണിപ്പൂർ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ബിരേൻ സിങ്ങിന്റെ രാജി.