ഭാര്യ നോക്കിനില്‍ക്കെ കോടതിവളപ്പില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; മരണം വിവാഹ മോചന അപേക്ഷ നല്‍കാനെത്തിയപ്പോള്‍
ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പൂനെ സെഷന്‍സ് കോടതി വളപ്പില്‍ ശനിയാഴ്ച ഉച്ചക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം. പാഷാന്‍ സ്വദേശിയായ സൊഹൈല്‍ യെനിഗുരെ എന്ന ഇരുപതിയെട്ടുകാരനാണ് മരിച്ചത്. ഭാര്യയുടെ സ്‌കാര്‍ഫ് ഉപയോഗിച്ച് കോടതിവളപ്പിലുള്ള പുളിമരത്തില്‍ ഇദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യെനിഗുരെയും ഭാര്യയും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവം നടന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നാലെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യയും സൊഹൈലും കോടതിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച സെഷന്‍സ് കോടതി അടച്ചിട്ട കാര്യം ഇവിടെ എത്തിയതിന് ശേഷമാണ് ഇരുവരും അറിഞ്ഞത്.
കോടതിക്ക് സമീപം വെച്ച് വീണ്ടും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായതായും തുടര്‍ന്ന് ഭര്‍ത്താവ് പുളിമരത്തില്‍ കയറി ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് വിവരം. കൃത്യം നടത്തുന്നതില്‍ നിന്ന് ഭാര്യ യെനിഗുരെയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന കാര്യം പോലീസിന് അറിവായിട്ടില്ല. അവധി ദിവസമായതിനാല്‍ കോടതി പരിസരത്ത് ആളുകളുണ്ടായിരുന്നില്ലെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍ സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.