KeralaTop News

പാതി വില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

Spread the love

പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട:ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് സി എന്‍ രാമചന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. ഇമ്പ്‌ലിമെന്റിങ് ഏജന്‍സയായ അങ്ങാടിപ്പുറം കെഎസ്എസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്.

എന്‍ജിഒ ഫെഡറേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതിലാണ് ജ. സി എന്‍ രാമചന്ദ്രന്‍ നായരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തത്. ചാരിറ്റി സംഘടനയായതിനാലാണ് സംഘടനയുടെ ഉപദേശകസ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്‌കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ ഉപദേശകസ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് ആനന്ദ് കുമാറിനോട് താന്‍ അഭ്യര്‍ത്ഥിച്ചെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് എംപിമാര്‍ക്ക് സമ്മാനപ്പൊതിയെന്ന ഓമനപ്പേരില്‍ 45 ലക്ഷത്തോളം രൂപ അനന്തുകൈമാറിയെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്. ചില പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ക്ക് ഒറ്റത്തവണയായി അനന്തു 25 ലക്ഷം രൂപയിലേറെ നല്‍കിയെന്നും രേഖയുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്‌കൂട്ടര്‍ വാഗ്ദാനം നല്‍കി അനന്തു പണം വാങ്ങിയത് 40000 പേരില്‍നിന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പതിനെണ്ണായിരം പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തതായി കണ്ടെത്തി. തട്ടിപ്പ് പണം പിരിക്കാന്‍ നിന്ന് ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടെ വാടകയ്ക്ക് എടുത്ത് നല്‍കി. ഇവരുടെ താമസം സൗജന്യമായിരുന്നു. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ 95000 പേരില്‍ നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയില്‍ അനന്തു ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അനന്തുവിനെതിരെ കണ്ണൂരിലെ പരാതികള്‍ മാത്രം 2500ന് മുകളിലാണ്. വയനാട്ടില്‍ വിവിധ പരാതികളിലായി 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍ഗോഡ് ഒരു വായനശാല കേന്ദ്രീകരിച്ചും ഇയാള്‍ പണം വാങ്ങിയതായി ട്വന്റിഫോറിന് വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍ഗോട്ടെ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

Story Highlights : case against c n ramachandran nair half price scam