ഡല്‍ഹിയില്‍ വോട്ടെണ്ണൽ ആരംഭിച്ചു; എഎപിയും ബിജെപിയും ഒപ്പത്തിനൊപ്പം, കോണ്‍ഗ്രസിന് ആദ്യറൗണ്ടില്‍ മുന്നേറ്റമില്ല
ഡൽഹി നിയമസഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യഫലസൂചനകളിൽ ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പമാണ്. 70 അംഗ നിയമസഭയിലേക്ക് 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ വിജയിച്ചാണ് എഎപി ഭരണമുറപ്പിച്ചത്.
2015ൽ എഎപി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് മൂന്ന് എംഎൽഎമാർ മാത്രമാണ് ഉണ്ടായത്. 2015ലും 2020ലും കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മൂന്നു പാർട്ടികളും വോട്ടർമാർക്ക് സൗജന്യങ്ങൾ വാരിക്കോരി വാഗ്ദാനം ചെയ്തിട്ടുണ്ട്.
വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ച 11 മണി വരെയാണ് വോട്ടെണ്ണല്‍. 19 കൗണ്ടിങ് സെന്‍ററുകളിലായാണ് വോട്ടെണ്ണല്‍. ത്രിതല സുരക്ഷയുള്ള 70 സ്‌ട്രോങ് റൂമുകളിലായാണ് ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്‌ചയായിരുന്നു ഡൽഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഒറ്റഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്.