Wednesday, April 23, 2025
Latest:
NationalTop News

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാവ് ലോഡ്‌ജിൽ ആത്മഹത്യ ചെയ്ത നിലയിൽ

Spread the love

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ (24)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ലോഡ്‌ജ്‌ മുറിയിലെ വാതിൽ പാതി ചാരിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. 6 മാസങ്ങൾക്ക് മുമ്പ് ആണ് റഷ്യയിൽ മനുഷ്യ കടത്തിൽ അകപ്പെട്ട ഡേവിഡ് മുത്തപ്പൻ നാട്ടിൽ തിരിച്ചെത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വെസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

സൈനിക സഹായികൾ എന്ന പേരിൽ, യുക്രൈനെതിരെ യുദ്ധം ചെയ്യാനായി റഷ്യൻ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇപ്പോഴും റഷ്യൻ കൂലി പട്ടാളത്തിൽ അവശേഷിക്കുന്ന പതിനെട്ട് പേരിൽ 16 പേരെ കുറിച്ച് വിവരമില്ലെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

യുദ്ധത്തിനിടെ തൃശൂർ സ്വദേശിയായ ബിനിൽ ബാബു കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ജയിൻ ടികെയ്ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജയിൻ ടികെ ഇപ്പോഴും മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്. 126 പേർ റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്നെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ കൈവശമുള്ള വിവരം.ഇതിൽ 96 പേരെ തിരികെ എത്തിച്ചു. ഇന്ത്യൻ പൗരന്മാർ ആക്രമണത്തിനിരയായ പശ്ചാത്തലത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ശേഷിക്കുന്ന ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.