Saturday, February 1, 2025
Latest:
NationalTop News

പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്, കേരളത്തിൽ റോഡില്ല, വിദ്യാഭ്യാസമില്ല എന്നു പറഞ്ഞാൽ സഹായം തരാം; വിചിത്ര വാദവുമായി ജോർജ് കുര്യൻ

Spread the love

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം സഹായം ആദ്യം നൽകുന്നത്. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടും.റോഡില്ല, വിദ്യാഭ്യാസമില്ല എന്നു പറഞ്ഞാൽ തരാം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിൽ പിന്നാക്കമാണെന്ന് പറയട്ടെ. അപ്പോൾ കമ്മീഷൻ പരിശോധിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കേന്ദ്രമന്ത്രി പരാമർശിച്ചു.

കാലങ്ങളായി കേരളം ആവശ്യപ്പെടുന്ന പല ആവശ്യങ്ങളിൽ ഇത് വരെയുള്ള കേന്ദ്രത്തിന്റെ ബജറ്റിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ലലോ എന്ന ചോദ്യത്തിനാണ് വിചിത്രമായ വാദം കേന്ദ്രമന്ത്രി നടത്തിയത്. നിലവിൽ വടക്ക് – കിഴക്ക് പ്രദേശങ്ങളുടെയും ജമ്മു കശ്‌മീരിന്റെറയും അടക്കം വികസനങ്ങൾ നടത്തി എന്നും കിഴക്കൻ മേഖലകളായ ബീഹാർ,ഒഡീഷ,ആന്ധ്രാപ്രദേശ് എന്നീ പ്രദേശങ്ങളുടെ വികസനങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നല്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇന്നത്തെ ബജറ്റ് പ്രതിപക്ഷത്തിന് ഒഴിച്ച് ബാക്കിയെല്ലാവർക്കും തൃപ്തികരമാണ്. വളരെ വർഷങ്ങൾക്കുശേഷമാണ് ഇത്രയും തൃപ്തികരമായ ബജറ്റ് എന്നത് താൻ അംഗീകരിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി 27382 കോടി രൂപ നികുതി ഇനത്തിൽ വകയിരുത്തിയിട്ടുണ്ട്. എയിംസുമായി ബന്ധപ്പെട്ട പ്രക്രിയ പൂർത്തീകരിച്ചാൽ മുൻഗണന അനുസരിച്ച് ലഭിക്കും.

വയനാടിനുള്ള സഹായം ഡിസാസ്റ്റർ മാനേജ്മെൻ്റിന് കീഴിലാണ്. ബജറ്റിൽ ഉൾപ്പെടുത്താറില്ല.ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടും ഇല്ല. ഒരു സംസ്ഥാനത്തിനും ദുരന്ത പാക്കേജ് ബജറ്റിൽ കൊടുക്കാറില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.