NationalTop News

എയിംസ്, സിൽവർലൈൻ പദ്ധതി, പ്രത്യേക പാക്കേജ്; കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം

Spread the love

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയിലാണ് കേരളവും. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. വി‍ഴിഞ്ഞം തുറമുഖം, മുണ്ടക്കൈ -ചൂരൽമല പുനരധിവാസം, മനുഷ്യ- വന്യജീവി സംഘർഷ പരിഹാരം എന്നിവയിൽ പ്രത്യേക പാക്കേജ് ആവശ്യം മുന്നോട്ട് വച്ചു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്, നികുതിയിൽ ഉണ്ടായ കുറവ്‌ എന്നിവ മൂലം സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇത് പരിഹരിക്കാൻ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്നാണ് കേരളത്തിൻറെ പ്രധാന ആവശ്യം. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൻറെ തുടർ വികസന പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപ. ഒപ്പം വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് സ്കീമിൽ നിലപാട് മാറ്റവും പ്രതീക്ഷിക്കുന്നു.

മുണ്ടക്കൈ – ചൂരൽമലയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌ 2000 കോടി രൂപ.. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി 4,500 കോടി രൂപ . തീരദേശ ശോഷണ പരിഹാരത്തിന് 11,650 കോടി രൂപ. മനുഷ്യ-മൃഗ സംഘർഷ പരിഹാര പദ്ധതികൾക്കായി 1000 കോടി രൂപ. ഇങ്ങനെ നീളുന്നു കേരളത്തിൻ്റെ പ്രത്യേക പാക്കേജ് ആവശ്യം. കേരളത്തിൻറെ കടമെടുപ്പ്‌ പരിധി 3.5 ശതമാനമാക്കി ഉയർത്തണം. ദേശീയപാതാ വികസനത്തിന്‌ ഭുമി ഏറ്റെടുക്കുന്നതിന്‌ 25 ശതമാനം ചെലവ്‌ സംസ്ഥാനം വഹിക്കുന്നുണ്ട്. ഇതിനായി എടുത്ത കിഫ്‌ബി വായ്‌പ തുക സംസ്ഥാനത്തിൻറെ വായ്‌പാ പരിധിയിൽനിന്ന്‌ വെട്ടിക്കുറച്ച പ്രതിസന്ധി പരിഹരിക്കണം. ഇതിനായി 6,000 കോടി രൂപ അധികമായി വായ്‌പ എടുക്കാൻ അനുവദിക്കണം.
സർക്കാർ സ്ഥാപനങ്ങളും കമ്പനികളും എടുക്കുന്ന വായ്‌പകളെ സംസ്ഥാനത്തിൻറെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നിലപാട്‌ തിരുത്തണം. ജിഎസ്‌ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. നെല്ല്‌ സംഭരണ കേന്ദ്ര വിഹിതം 75 ശതമാനമായി ഉയർത്തണം. ഇവയ്ക്ക് എല്ലാം പുറമെ ഇത്തവണയും എയിംസ്, സിൽവർലൈൻ പദ്ധതി, അങ്കമാലി-ശബരി, തലശേരി-മൈസുരു റെയിൽപാതകൾ ഉൾപ്പെടെയുള്ള മുൻകാല ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.