KeralaTop News

‘മന്ത്രിയുടെ ഹിന്ദി പാട്ട് കേട്ടാണ് വയനാട്ടിലെ നരഭോജി കടുവ ചത്തതെന്നാണ് നാട്ടിലെ സംസാരം’; എ കെ ശശീന്ദ്രനെ പരിഹസിച്ച് കെ മുരളീധരന്‍

Spread the love

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ പരിഹസിച്ച് കെ മുരളീധന്‍. മന്ത്രിയുടെ ഹിന്ദി പാട്ട് കേട്ടാണ് വയനാട്ടിലെ നരഭോജി കടുവ ചത്തതെന്നാണ് നാട്ടിലെ സംസാരമെന്ന് മുരളീധരന്‍ പറഞ്ഞു. മന്ത്രിക്ക് സ്വന്തം വകുപ്പ് എന്താണെന്ന് പോലും അറിയില്ലെന്നും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും അദ്ദേഹത്തെ വേണ്ടെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ ദയാ ദാക്ഷിണ്യം കൊണ്ട് മാത്രം മന്ത്രിയായി തുടരുന്നു. 21ാം നൂറ്റാണ്ടിലും വനംവകുപ്പിന് അതാധുനിക സംവിധാനങ്ങളില്ല. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട എത്ര പേര്‍ക്ക് സഹായം നല്‍കിയെന്ന് പരിശോധിക്കണം. ഒന്നാം പ്രതി കേന്ദ സര്‍ക്കാരും രണ്ടാം പ്രതി സംസ്ഥാന സര്‍ക്കാരുമാണ് – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചു. മലയോര ജനത ജപ്തി ഭീഷണിയിലെന്നും ജനങ്ങളുടെ സങ്കടം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. കണക്കുകള്‍ നിരത്തിയിട്ടും ഒന്നും ചെയ്യാനില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും. മുഖ്യ പരിഗണന ജനങ്ങളുടെ സങ്കടങ്ങള്‍ക്കായിരിക്കും – വി ഡി സതീശന്‍ പറഞ്ഞു.