തൃശൂരിൽ കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
തൃശൂർ മാളയിൽ കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. മാള അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മയ്ക്കാണ് പരുക്കേറ്റത്. ഭർത്താവ് വാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 8 മണിയോടുകൂടിയാണ് സംഭവം.
ഭാര്യയോടുള്ള സംശയരോഗമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വഴക്കിനിടെ രണ്ടു കാലിനും രണ്ടു കൈക്കും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശ്രീഷ്മയുടെ പരുക്ക് ഗുരുതരമാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശ്രീഷ്മയെ വാസൻ വെട്ടുന്നതു കണ്ട കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്. സമീപത്തെ റേഷൻ കടയിലേക്ക് ഓടിവരുകയും ശ്രീഷ്മയെ വെട്ടിയ വിവരം കുട്ടികൾ അറിയിക്കുകയായിരുന്നു. തുടർന്ന് ശ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.