‘അരുംകൊല നടത്തിയത് ആക്രമിക്കപ്പെടുമോ എന്ന ഭയം കൊണ്ട്’; ചെന്താമരയുടെ കുറ്റസമ്മത മൊഴി
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ കുറ്റസമ്മത മൊഴിയുടെ വിശദാംശങ്ങള്‍ ലഭിച്ചു. താന്‍ ആക്രമിക്കപ്പെടുമോ എന്ന ഭയം അരുംകൊലയ്ക്ക് കാരണമായി എന്നാണ് ചെന്താമര പൊലീസിന് നല്‍കിയ മൊഴി. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയത് കളിയാക്കിയതിലെ പ്രതികാരത്തെ തുടര്‍ന്നാണെന്നും ചെന്താമര മൊഴി നല്‍കി.
ഭാര്യയെയും മകളെയും ഉള്‍പ്പടെ ചെന്താമരയ്ക്ക് സംശയമായിരുന്നു എന്നും മൊഴിയുണ്ട്. ഇരുവരും സുന്ദരികളാണ്. വിദ്യാഭ്യാസവുമുണ്ട്. താന്‍ ആ നിലയിലേക്കൊന്നും എത്തിയില്ല. അതിന് കാരണം സുധാകരന്റെ കുടുംബം കൂടോത്രം നടത്തിയതാണ് എന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. ഇതു തന്നെയാണ് സജിതയെ കൊലപ്പെടുത്തുന്നതിന് കാരണമായത്. സജിതയാണ് കൂടോത്രം നടത്തിയതില്‍ മുന്നില്‍ നിന്നതെന്നും അതിനു ശേഷം തന്നെ കളിയാക്കിയിരുന്നുവെന്നും ചെന്താമര പറയുന്നു. താന്‍ ജീവിതത്തില്‍ എവിടെയും എത്തിയില്ല, മൂന്നോ നാലോ മാസം കൊണ്ടു തന്നെ ഇല്ലാതാവും എന്നെല്ലാം പറഞ്ഞാണ് സജിത പരിഹസിച്ചതെന്നും ഇയാള്‍ പറയുന്നു. ഇതിന്റെ പ്രതികാരമാണ് സജിതയെ കൊല്ലാന്‍ കാരണമെന്ന് ഇയാള്‍ പറയുന്നു.
നാട്ടുകാര്‍ കൂടോത്രം നടത്തിയും മറ്റും തന്നെ ഇല്ലാതാക്കുമോ എന്ന ഭയം ചെന്താമരയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആയുധം കൈയില്‍ വച്ചത്. സുധാകരനെ കൊലപ്പെടുത്തുന്ന സമയത്ത് ലക്ഷ്മിയെ കൊല്ലാനുള്ള പദ്ധതി തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്. സുധാകരന്‍ ആക്രമിക്കപ്പെടുന്നത് കണ്ട് ചീത്ത വിളിച്ചതുകൊണ്ടാണ് ലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നും മൊഴിയുണ്ട്.
കൊലപാതകത്തിന് ശേഷം ഇയാള്‍ കാട്ടിലേക്ക് കയറി. ഫെന്‍സിംഗിനായുള്ള കമ്പിവേലി ചാടിക്കടന്നാണ് കാട്ടിലേക്ക് കടന്നത്. അവിടെ നിന്ന് ശരീരത്തില്‍ മുറിവുണ്ടായി. കാട്ടില്‍ ഒന്നര ദിവസം കഴിഞ്ഞ് തറവാട്ട് വീട്ടിലേക്ക് എത്തുമ്പോള്‍ ഒന്നുകില്‍ ജനങ്ങള്‍ ജീവനെടുക്കും അല്ലെങ്കില്‍ പൊലീസ് പിടിക്കുമെന്നുള്ള കൃത്യമായ ബോധ്യം ഇയാള്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് രക്ഷപെടാനുള്ള ശ്രമം നടത്താതിരുന്നത്.
അതേസമയം, റിമാന്‍ഡിലായ ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈം സീന്‍ പോത്തുണ്ടിയില്‍ പുനരാവിഷ്‌കരിക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുക. കേസില്‍ ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങും മുന്‍പ് മൊഴി രേഖപ്പെടുത്താന്‍ തീരുമാനം. കോടതിയില്‍ ചെന്താമര തെറ്റ് ഏറ്റുപറഞ്ഞതും രേഖയാക്കും.