പാലക്കാട് ബിജെപി അധ്യക്ഷനായി പ്രശാന്ത് ശിവനെ ഉടന്‍ പ്രഖ്യാപിക്കും; പോസ്റ്ററുകളും പുറത്ത്; ഇന്നുതന്നെ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഒരുവിഭാഗം
പാലക്കാട്ടെ ബിജെപിയിലെ പുതിയ അധ്യക്ഷനായി യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനമുണ്ടായാല്‍ തൊട്ടുപിന്നാലെ കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാനാണ് ഇടഞ്ഞുനില്‍ക്കുന്നവരുടെ തീരുമാനം. ചട്ടങ്ങള്‍ മറികടന്ന് പ്രശാന്ത് ശിവന് വേണ്ടി ഇടപെട്ടു എന്നതാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ആക്ഷേപം. ബിജെപി ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതില്‍ അട്ടിമറിയുണ്ടെന്നും നേതൃത്വം തിരുത്തണമെന്നുമാണ് ആവശ്യം.തിരുത്തിയില്ലെങ്കില്‍ ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ 9ഓളം കൗണ്‍സിലര്‍മാര്‍ രാജി വെക്കാനാണ് ആലോചന.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു, മുതിര്‍ന്ന അംഗം എന്‍ ശിവരാജന്‍, കെ ലക്ഷ്മണന്‍ എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്. 6 പേര്‍ രാജി വെച്ചാല്‍ ബിജെപിയുടെ നഗരസഭ ഭരണം അടക്കം പ്രതിസന്ധിയിലാക്കും.ദേശീയ നേതൃത്വം അംഗീകരിച്ച ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ക്ക് മാറ്റം ഉണ്ടാകില്ലെന്ന് ഇന്നലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. രാവിലെ 10.30ന് പുതിയ ജില്ലാ അധ്യക്ഷനെ പാര്‍ട്ടി പ്രഖ്യാപിക്കും.