KeralaTop News

അച്ഛന്റെയും അച്ഛമ്മയുടെയും ജീവനെടുത്തത് പൊലീസിന്റെ അനാസ്ഥ’; പ്രതിയെ പിടികൂടാതെ മൃതദേഹം വിട്ടു നൽകില്ലെന്ന് നാട്ടുകാർ

Spread the love

പാലക്കാട് നെന്മാറയിൽ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്ന സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതി ചെന്താമരയ്ക്കെതിരെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സുധാകരന്റെ മൃതദേഹം വിട്ടു നൽകണമെങ്കിൽ പ്രതി ചെന്താമരയെ പിടികൂടണം എന്ന് ആവശ്യം. പ്രതിയെ പിടികൂടിയില്ലെങ്കിൽ വീട്ടിൽ നിന്നും മൃതദേഹം വിട്ടുനൽകില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രതിക്കായി വനാതിർത്തിയിൽ ഉൾപ്പെടെ പോലീസിന്റെ തിരച്ചിൽ.

ചെന്താമരക്കെതിരെ പരാതിപ്പെട്ടിട്ടും പൊലീസ് ഗൗനിച്ചില്ലെന്നും മകൾ ആരോപിക്കുന്നു. കഴിഞ്ഞമാസം 29ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നെന്മാറ പോലീസിന് പരാതി നൽകിയിരുന്നതായി മകൾ അഖില പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം വിട്ടയച്ചു. പൊലീസിന്റെ അനാസ്ഥയാണ് അച്ഛന്റെയും അച്ഛമ്മയുടെയും ജീവനെടുത്തതെന്ന് അഖില പറഞ്ഞു. പോത്തുണ്ടി സ്വദേശികളായ മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

2019ൽ സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ ചെന്താമരയാണ് കൃത്യം നടത്തിയത്. വീട്ടുകാർ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നത്. ഈ കേസിന്റെ വിചാരണ അടുത്ത മാസം തുടങ്ങാനിരിയ്ക്കെയാണ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും കൊലപാതകം നടത്തിയത്. പ്രതിയുടെ ഭീഷണി കുടുംബത്തിന് നേരെ നിരന്തരം ഉണ്ടായിരുന്നു. ഇന്ന് രാവിലെ 10 മണിക്കാണ് സുധാകരനെയും മീനാക്ഷിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.