‘സർക്കാരിന്റേത് ആത്മാർത്ഥമായ സമീപനം; എത്താൻ കഴിയാത്തത് അവഗണനയായി ചിത്രീകരിക്കരുത്; പ്രതിഷേധം സ്വാഭാവികം’; മന്ത്രി എ.കെ ശശീന്ദ്രൻ
വയനാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും പാളിച്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കടുവയെ പിടിക്കാൻ പോലീസ് അടക്കം 400 അംഗ ടീം സജ്ജമാണ്. ആവശ്യമെങ്കിൽ കൂടുതൽ സേനയെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് മുൻപ് ആക്രമണങ്ങൾ നടന്നപ്പോൾ എത്താൻ കഴിയാതിരുന്നതെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
സർക്കാരിന്റേത് ആത്മാർത്ഥമായ സമീപനമാണ്. ജനങ്ങളുടേത് സ്വാഭാവിക പ്രതികരണം. പ്രതിഷേധങ്ങൾ പല തലങ്ങളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്. പ്രതിഷേധം സ്വാഭാവികമാണ്. എന്നാൽ വേണ്ടാത്ത കൈകൾ കടന്നു വരുന്നതിൽ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. വയനാട് ഭീകര നാടെന്ന പ്രതീതി ഉണ്ടാക്കുന്നത് ശരിയാണോയെന്ന് മന്ത്രി ചോദിച്ചു. പരസ്പര ധാരണയോടെ പ്രശ്നപരിഹാരം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വനംമന്ത്രി എത്താൻ വൈകി എന്നത് ആക്ഷേപം മാത്രംമാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് മുൻപ് ആക്രമണങ്ങൾ നടന്നപ്പോൾ എത്താൻ കഴിയാതിരുന്നത്. അത് വനംമന്ത്രിയുടെ അവഗണനയായി ചിത്രീകരിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി കേളുവിനെ തടഞ്ഞത് പെട്ടെന്നുള്ള ജനരോക്ഷമായാണ് കാണുന്നത്. വയനാടിനായി ഒരു പ്രൊജക്റ്റ് തയ്യാറാക്കിയിരുന്നു. പ്രതിരോധപ്രവർത്തനങ്ങൾ മാർച്ചിനുള്ളിൽ സമയ ബന്ധിതമായി തീർക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളുമായി വേണ്ടി വന്നാൽ ചർച്ച ചെയ്യും. മന്ത്രി ഒ. ആർ കേളു ചുമതല വഹിക്കും. പഞ്ചായത്തുകളുടെ കൂടെ സഹകരണം വേണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് വയനാട്ടിൽ എത്തും. കടുവ ആക്രമണവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ ഇന്ന് അവലോകന യോഗം ചേരും. വനംമന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ ഉന്നതതലയോഗം നടക്കും. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ മന്ത്രി സന്ദർശിക്കാനും സാധ്യതയുണ്ട്.