യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി; റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഴുകി രാജ്യം
രാജ്യം ഇന്ന് എഴുപത്തിയാറാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യ പഥിൽ എത്തി. പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമായി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആണ് ഇത്തവണ മുഖ്യാതിഥി.
കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കുന്നുണ്ട്. ഇന്തോനേഷ്യൻ കരസേനയും പരേഡിൽ പങ്കെടുക്കുന്നുണ്ട്. 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണാഭമായ കാഴ്ച ഒരുക്കും. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം.
പതിനായിരത്തോളം അതിഥികളും കർത്തവ്യപഥിൽ അണിനിരക്കുന്ന പരേഡിന് സാക്ഷ്യം വഹിക്കും. ഒന്നാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു. ഇത്തവണത്തെ മുഖ്യാതിഥി ഇന്തോനേഷ്യയുടെ പ്രസിഡന്റായ പ്രബോവോ സുബിയാന്തോ ആണെന്നത് കൗതുകമാണ്. സുവർണ ഇന്ത്യ പൈതൃകവും വികസനവും’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ.