KeralaTop News

പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍; പ്രദേശത്ത് പരിശോധന ഊര്‍ജ്ജിതം

Spread the love

കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. പ്രദേശവാസികളായ നൗഫലിന്റെയും ഷാനവാസിന്റെയും വീടിന് സമീപത്താണ് നരഭോജി കടുവയെ അവസാനമായി കണ്ടത്. പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു.

പ്രദേശത്ത് പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നാണ് ജനങ്ങള്‍ക്കുളള നിര്‍ദ്ദേശം. കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്നും മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. പ്രദേശത്ത് വാഹനത്തില്‍ പൊലീസ് അനൗണ്‍സ്‌മെന്റ് ആരംഭിച്ചു. ബേസ് ക്യാമ്പില്‍ കടുവ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ പൊലീസ് സുരക്ഷയില്‍ വീടുകളിലേക്ക് മാറ്റുകയാണ്. തോട്ടത്തിലുണ്ടായിരുന്നവരെയും മാറ്റി.

അതേസമയം, കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിച്ചു. നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

പ്രദേശത്ത് 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയതായി എഡിഎം മാധ്യമങ്ങളോട് വിശദീകരിച്ചു. അരുണ്‍ സക്കറിയ നേതൃത്വം നല്‍കും. കടുവ കൂട്ടില്‍ കുടുങ്ങിയാല്‍ മൃഗശാലയിലേക്ക് മാറ്റും. പൊലീസും ആര്‍ആര്‍ടിയും രാത്രി ഉള്‍പ്പടെ പരിശോധന നടത്തും. കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ ആറ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കി. രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ഫെബ്രുവരി 1 മുതല്‍ താത്കാലിക ജോലി നല്‍കും. ബാക്കി നഷ്ടപരിഹാരവും ഉടന്‍ നല്‍കും.

കടുവയെ ലൊക്കേറ്റ് ചെയ്തുവെന്നും ഉടന്‍ വെടി വെക്കാന്‍ നടപടി തുടങ്ങി എന്നും എഡിഎം അറിയിച്ചു. 80 അംഗ RRT സംഘത്തെ പരിശോധയ്ക്ക് നിയോഗിച്ചു. അടിക്കാട് വെട്ടി പരിശോധന നടത്തും. ഫെന്‍സിംങ് ടെന്‍ഡര്‍ ഉടന്‍ പൂര്‍ത്തിയാക്കും. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും – എന്നിവയാണ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍.