NationalTop News

മതം ആചരിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗം നിര്‍ബന്ധമല്ലെന്ന് ബോംബെ ഹൈക്കോടതി

Spread the love

മതം ആചരിക്കുന്നതിന് ഉച്ചഭാഷിണി നിര്‍ബന്ധമല്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ നെഹ്‌റു നഗര്‍, കുര്‍ള മേഖലകളിലെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് എതിരെ പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം.

2000-ത്തിലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമം അനുസരിച്ച് ജനവാസ മേഖലയില്‍ പകല്‍ സമയം 55 ഡെസിബല്‍ വരെയും രാത്രിയില്‍ 45 ഡെസിബല്‍ വരെയുമാണ് അനുവദനീയമായ ശബ്ദപരിധി. അതേസമയം മേഖലയില്‍ രണ്ട് പളളികളില്‍ 79.4 ഡെസിബലും 98.7 ഡെസിബലുമാണ് ഉച്ചഭാഷിണിയില്‍ നിന്നുള്ള ശബ്ദമെന്ന് 2023ല്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒന്നില്‍ കൂടുതല്‍ ആരാധനാലയങ്ങളില്‍ ഒരേസമയം ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ശബ്ദപരിധി ഒറ്റക്ക് ഒറ്റക്കല്ല, മൊത്തമായാണ് പരിഗണിക്കേണ്ടതെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാര്‍ ആരോപിച്ച സാഹചര്യത്തില്‍, ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലൗഡ്‌സ്പീക്കറില്‍ ഡെസിബല്‍ ലെവല്‍ നിയന്ത്രിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനം വേണം, നിയമലംഘനം ഉണ്ടോ എന്ന് പൊലീസ് കൃത്യമായി നിരീക്ഷിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. പരാതിക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു.