KeralaTop News

‘നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാന്‍ തയ്യാറായി’; ഗവര്‍ണറെ പുകഴ്ത്തി എംവി ഗോവിന്ദന്‍

Spread the love

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ പുകഴ്ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും, ഭരണഘടനാ ചുമതല നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ തയ്യാറായയെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ വ്യക്തമാക്കുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വയ്ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഊന്നല്‍ നല്‍കിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ്ഞ 17ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നടത്തിയതെന്ന് ലേഖനത്തില്‍ പറയുന്നു. മുന്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാന്‍ പുതിയ ഗവര്‍ണര്‍ തയ്യാറായെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശമുണ്ടെങ്കിലും അതിന്റെ പേരില്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെന്നത് സ്വാഗതാര്‍ഹമാണെന്നും എംവി ഗോവന്ദന്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഗവര്‍ണറുടെ ഭാഗത്തുനിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിഹാറിലേക്ക് സ്ഥലം മാറിപ്പോയ മുന്‍ ഗവര്‍ണര്‍ കഴിഞ്ഞ വര്‍ഷം പോലും ഒന്നര മിനിറ്റുമാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താന്‍ ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യ കമലയും ഒന്നിച്ച് രാജ്ഭവനില്‍ എത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. സൗഹൃദ സന്ദര്‍ശനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്. രാജ് ഭവനില്‍ പ്രഭാത നടത്തത്തിന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു .രാജ് ഭവനില്‍ നടക്കാന്‍ പറ്റിയ അന്തരീക്ഷം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ആയിരുന്നു ക്ഷണം.