മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്താനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഉൾക്കാട്ടിലേക്ക് വലിഞ്ഞ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്താനായില്ല. തുടർന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ആനയെ കണ്ടെത്താൻ രാത്രിയിലും നിരീക്ഷണം തുടരും.
ആനയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്നാണ് ഡോ. അരുൺ സക്കറിയ വ്യക്തമാക്കിയിരുന്നത്. അങ്ങനെയിരിക്കെ രക്ഷാദൗത്യം വൈകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 50 അംഗ സംഘമാണ് ഇന്ന് ആനക്കായി തിരച്ചിൽ നടത്തിയത്. എന്നാൽ ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. ആന ഉൾവനത്തിൽ നിന്ന് പുറത്തേക്കിറങ്ങാനുള്ള സാധ്യതയുള്ളതിനാലാണ് രാത്രി നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ നടന്ന തെരച്ചിലിൽ മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. കഴിഞ്ഞദിവസം നടന്ന തിരച്ചിലിൽ മൂന്ന് സ്ഥലങ്ങളിലായി ആനയെ കണ്ടെത്തിയിരുന്നെങ്കിലും കൃത്യമായ സ്ഥലം നിർവചിക്കാനോ ആനയെ മയക്കുവെടി വെക്കാനോ സാധിച്ചിരുന്നില്ല. കാലടി പ്ലാന്റേഷന് ഉള്ളിൽ വിവിധ സ്ഥലങ്ങളിൽ ആനയെ ഇന്നലെ കണ്ടെത്തിയിരുന്നു എന്നാൽ മനുഷ്യ സാമിപ്യം തിരിച്ചറിഞ്ഞ ആന പ്ലാന്റേഷൻ തോട്ടങ്ങൾ കടന്ന് കാട്ടിലേക്ക് കയറിയതാണ് ദൗത്യത്തിന് തിരിച്ചടിയായത്.