KeralaTop News

ആരോഗ്യപ്രശ്നം; കലാ രാജു കോടതിയിൽ രഹസ്യമൊഴി നൽകില്ല

Spread the love

ആരോഗ്യപ്രശ്നങ്ങൾ മൂലം മൊഴി നൽകാൻ കഴിയില്ലെന്ന് കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജു കോടതിയെ അറിയിച്ചു. ഇന്ന് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെത്തി രഹസ്യമൊഴി നൽക്കേണ്ടതായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിൽ നേരിട്ടെത്തി രഹസ്യ മൊഴി രേഖപ്പെടുത്തിയേക്കും.

കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി ത‍ടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. സിപിഎം ഏരിയ സെക്രട്ടറി പി ബി രതീഷ് കണ്ടാലറിയാവുന്ന 45 പേരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തത്. സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ , പാർട്ടി പ്രവർത്തകരായ ടോണി റിങ് സജിത്ത് എന്നിവരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത് . മറ്റുള്ളവർ മുൻകൂർ ജാമ്യം ഹൈക്കോടതി സമീപിച്ചേക്കും.

അതേസമയം, അനൂപ് ജേക്കബ്ബ് എംഎൽഎ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു.

വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ലേ. മൂവ്വാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നിൽക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്. ഹണി റോസ് കേസിൽ ശര വേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ് ഈ കേസിൽ മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിനു അവകാശം ഉണ്ട്. കലാരാജുവിനെ മാറ്റി എടുക്കാൻ നീക്കം നടത്തി. സ്വാധീനിക്കാൻ ശ്രമം ഉണ്ടായി. സ്വാധീനത്തിനു വഴങ്ങി എങ്കിൽ സ്ഥാനം ഒഴിയണം. കാലുമാറ്റത്തെ അതേ രീതിയിൽ അംഗീകരിക്കാമോയെന്നും അദ്ദേഹം ചോദിച്ചു.