KeralaTop News

‘നീതിമാനായ ജഡ്ജിയ്ക്ക് നന്ദി’; കോടതിയിൽ പൊട്ടി കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ

Spread the love

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തൊഴുത് നന്ദി പറഞ്ഞ് ഷാരോൺ രാജിന്റെ മാതാപിതാക്കൾ. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികളോട് 259 ചോദ്യങ്ങൾ ചോദിച്ച കോടതി 57 സാക്ഷികളെ വിസ്തരിച്ചു. കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുവന്നു നടക്കുകയായിരുന്നുവെന്ന് പ്രതിയായ ​ഗ്രീഷ്മ അറിഞ്ഞില്ലെന്നും കോടതി പറഞ്ഞു. പാര സെമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയതും, വിവാഹം ഉറപ്പിച്ചതിന് ശേഷവും ഷാരോണുമായി ലൈംഗിക ബന്ധത്തിലേർപ്പട്ടിരുന്നു എന്നതും അന്വേഷണത്തിൽ തെളിഞ്ഞതായും വിധി പ്രസ്താവത്തിൽ പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായും വധശിക്ഷ കാത്തുനില്‍ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയായും ഗ്രീഷ്മ മാറുകയാണ്. ഷാരോണ്‍ രാജ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ എം ബഷീര്‍ ആണ് ശിക്ഷ വിധിച്ചത്.

മാധ്യമവാര്‍ത്തകള്‍ നോക്കിയല്ല ഈ കേസില്‍ ശിക്ഷ വിധിച്ചതെന്ന് കോടതി ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കി. ഗ്രീഷ്മയ്‌ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോണ്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതല്‍ കുരുക്കായത്. ഗ്രീഷ്മയ്‌ക്കെതിരെ വധശ്രമവും ഇതോടെ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രീഷ്മ മുന്‍പും കൊലയ്ക്ക് ശ്രമിച്ചെന്നും കോടതി വ്യക്തമാക്കി. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

വിധി വായിക്കുമ്പോൾ കോടതി മുറിയിൽ നിർവികാരയായി നിൽക്കുകയായിരുന്നു ഗ്രീഷ്മ. 586 പേജുള്ള വിധി പകർപ്പാണ് കോടതി വായിച്ചത്. അന്വേഷണത്തിൽ സാഹചര്യ തെളിവുകൾ നല്ല രീതിയിൽ പൊലീസ് ഉപയോഗിച്ചു എന്നും കോടതി നിരീക്ഷിച്ചു.

മരിക്കാൻ കിടക്കുമ്പോഴും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നു എന്ന് നിരീക്ഷിച്ച കോടതി ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ലായെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം നടന്നിരിക്കുന്നു ശിക്ഷ ഉറപ്പാക്കേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വമാണെന്നും വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു. ജ്യൂസിൽ എന്തോ പ്രശ്നം ഉണ്ടെന്നു ഷാരോണിന് അറിയാമായിരുന്നു. അതുകൊണ്ടാണ് വേണ്ട എന്ന് പറഞ്ഞിട്ടും ഷാരോൺ വീഡിയോ റെക്കോർഡ് ചെയ്തത്.ഒരു തുള്ളി വെള്ളം ഇറക്കാൻ കഴിയാതെ 11 ദിവസം ഷാരോൺ ആശുപത്രിയിൽ കിടന്നു.വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ കാണിച്ചത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു മരണ കിടക്കയിലും ഷാരോൺ വിളിച്ചതെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാരന് 3 വർഷം തടവ് കോടതി വിധിച്ചു.കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.

2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.