പത്തനംതിട്ടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
പത്തനംതിട്ട ഓമല്ലൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൈപ്പട്ടൂർ സ്വദേശികളായ ശ്രീലാൽ, ഏബൽ എന്നീ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ഇരുവരും ഓമല്ലൂർ ആര്യഭവൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.
ഓമല്ലൂർ അച്ചൻകോവിലാറ്റിലായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് തിരികെ വരുമ്പോഴാണ് കുട്ടികൾ പുഴയിൽ കുളിക്കാനിറങ്ങുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടി അറിയിച്ചതിനെ തുടർന്നാണ് ശ്രീലാലും ,എബലും ഒഴുക്കിൽപ്പെട്ട വിവരം മറ്റുള്ളവർ അറിയുന്നത്.
ഉടനെ തന്നെ നാട്ടുകാരും ഫയർഫോഴ്സും സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. പിന്നീട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.