Top NewsWorld

ഗസ്സ വെടിനിർത്തൽ കരാർ ഇന്ന് നിലവിൽ വന്നേക്കും; ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു

Spread the love

ഗസ്സ വെടിനിർത്തൽ കരാർ ഇന്ന് നിലവിൽ വന്നേക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക്
പന്ത്രണ്ടു മണിയോടെ ആണ് കരാർ നിലവിൽ വരിക. വെടിനിർത്തൽ താൽക്കാലികമാണെന്നും ആവശ്യമെങ്കിൽ ഗസയിൽ യുദ്ധം പുനരാരംഭിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

1890 പലസ്തീൻ തടവുകാർക്ക് പകരമായി 33 ഇസ്രയേലി ബന്ദികളെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുമെന്ന് മധ്യസ്ഥരായ ഈജിപ്ത് അറിയിച്ചു. ഇന്ന് മോചിപ്പിക്കുന്ന മൂന്നു ബന്ദികൾ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രയേൽ പറഞ്ഞു. മൂന്ന് വനിതാ ബന്ദികളെയാകും ആദ്യം മോചിപ്പിക്കുകയെന്ന് ഹമാസ് അറിയിച്ചു.

ഇന്നലെ ഇസ്രായേൽ സമ്പൂർണ കാബിനറ്റും വെടിനിർത്തൽ കരാറിന്​ അംഗീകാരം നൽകിയിരുന്നു.ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസും ആയിരത്തോളം ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട്​ ഇസ്രായേലിനുള്ളിലെ ഭിന്നതയും കൂടുതൽ ശക്​തമായി. ഹമാസിന്​ ഗുണം ചെയ്യുന്നതാണ്​ കരാറെന്ന്​ കുറ്റപ്പെടുത്തി മന്ത്രി ബെൻഗ്വിറിന്‍റെ ജൂത പവർ പാർട്ടി സർക്കാറിൽ നിന്ന്​ രാജി വെക്കും.