Sunday, January 19, 2025
Latest:
KeralaTop News

കരിമ്പ വാഹനാപകടം; ലോറി ഡ്രൈവര്‍മാരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Spread the love

കരിമ്പ വാഹനാപകടത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ റിമാന്‍ഡില്‍. കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന്‍ ജോണ്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ലോറി ഡ്രൈവര്‍ പ്രജിന്‍ ജോണ്‍ നേരത്തെ പിഴവ് പറ്റിയതായി സമ്മതിച്ചിരുന്നു. ലോറി അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമന്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ സമ്മതിച്ചു. അപകടത്തിന്റെ CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. നരഹത്യ കുറ്റത്തിനാണ് പ്രജിനെതിരെ കേസെടുത്തത്.
അതേസമയം, പനയമ്പാടത്തെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിനെതിരെ ഗുരുതര പരാതികളാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞതോടെ ജനരോഷം ഇന്നലെ അണപൊട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുമായി ഇന്ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചര്‍ച്ച നടന്നത്. റോഡിലെ വളവ് അടക്കം എല്ലാ പ്രശ്നങ്ങളും യോഗത്തില്‍ നാട്ടുകാര്‍ ഉന്നയിച്ചു. അമിതവേഗത നിയന്ത്രിക്കാന്‍ ഇന്നുമുതല്‍ പോലീസ് പരിശോധന തുടങ്ങി. ദിവസവും ചെയ്യേണ്ട ജോലികള്‍ പ്രത്യേകം വിലയിരുത്താനും തീരുമാനമായി.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പനയംപാടത്ത് വെച്ച് ലോറി മറിഞ്ഞ് കുട്ടികള്‍ മരിച്ചത്. കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു.