കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയെന്ന് പരാതി; ശേഷം സംഘര്‍ഷം; കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയ രംഗങ്ങള്‍
കൂത്താട്ടുകുളം നഗരസഭയില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങള്‍. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ കൂറുമാറ്റം ഭയന്ന് സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മണിക്കൂറുകള്‍ നീണ്ട യുഡിഎഫിന് പ്രതിഷേധത്തിനിടെ കാണാതായ കൗണ്‍സിലര്‍ കലാ രാജു സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലുണ്ടെന്ന് കണ്ടെത്തി.
കേട്ടുകേള്‍വിയില്ലാത്ത നടകീയതക്കാണ് കൂത്താട്ടുകുളം ഇന്ന് സക്ഷിയായത്. ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്‌സനും എതിരെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിപിഐഎം കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഐഎം നേതാക്കള്‍ തന്നെ കടത്തി കൊണ്ടുപോയി. പിന്നാലെ സംഘര്‍ഷമുണ്ടായി. നിരവധി എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
ഇതിനിടെ അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കലയുടെ മക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കി. എന്നാല്‍ ഇതിനുശേഷം പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, കാണാതായ കലാ രാജു സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍ കണ്ടെത്തുകയായിരുന്നു. നേതാക്കള്‍ തന്നെ കലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടി കൊണ്ട് പോകല്‍ ആരോപണം സിപിഐഎം നേതാക്കള്‍ തള്ളി.
മക്കള്‍ നല്‍കിയ പരാതിയില്‍ സിപിഐഎം ഏരിയ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി, കൗണ്‍സിലര്‍ എന്നിവര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന 45 പേര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു.