ചേന്ദമംഗലത്തെ കൂട്ടക്കൊല; പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കും, വി ഡി സതീശൻ
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ചിന്തിക്കാൻ പോലും കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത് കുടുംബം മുൻപും പരാതി നൽകിയതാണ്. പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. കൊലപാതകം നടത്തിയ ഋതു ജയൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മാനസിക നില തെറ്റിയ ആളല്ലെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകത്തിൻ്റെ കാരണം പൊലീസ് അന്വേഷിക്കട്ടെ, അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒന്നും ഇപ്പോൾ പറയുന്നില്ല. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജിതിൻ്റെ ചികിത്സക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ സർക്കാരുമായും സംസാരിക്കും. കുട്ടികളുടെ ഭാവി കാര്യങ്ങൾ സുരക്ഷിതമാക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം,പ്രതി ഋതുജയനെ കോടതി റിമാൻഡിൽ വിട്ടയച്ചു. കോടതിയിൽ എത്തിച്ച പ്രതിക്ക് നേരെ കയ്യേറ്റം ഉണ്ടായി. കൃത്യം നടത്തുന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് വൈദ്യ പരിശോധനയിലെ കണ്ടെത്തൽ.ആറും ഒൻപതും വയസ്സുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ വച്ചാണ് ഋതുജയൻ മൂന്നു പേരെ തലക്കടിച്ചു കൊലപ്പെടുത്തിയത്. ഒരു വർഷമായി നീണ്ടു നിന്നിരുന്ന അയൽ തർക്കമാണ് കൊലപാതക കാരണം. കൃത്യം നടത്തിയതിനുശേഷം പ്രതിക്ക് യാതൊരു ഭാവഭേദവും ഇല്ലായിരുന്നു.
കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ബൈക്ക് സ്റ്റിക്കും കത്തിയും സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. കസ്റ്റഡി അപേക്ഷ നാളെ ഫയൽ ചെയ്യും.