KeralaTop News

ചികിത്സാസഹായത്തിന്റെ പേരിൽ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസിന്റെ തമ്മിലടി; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Spread the love

യൂത്ത് കോൺഗ്രസ് നേതാവിന് നൽകിയ ചികിത്സാ സഹായത്തിന്റെ പേരിൽ ആലപ്പുഴ യൂത്ത് കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്ന പോരിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജനറൽ സെക്രട്ടറി ലിന്റോ പി അന്റു, വൈസ് പ്രസിഡന്റുമാരായ ഷിബിന, നിഹാൽ മുഹമ്മദ് എന്നിവരാണ് കമ്മീഷനിൽ അംഗങ്ങളായിട്ടുള്ളത്. 10 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കൈമാറണം. വിഷയത്തിൽ പരസ്യ പ്രതികരണം പാടില്ലെന്ന് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന പ്രതിഷേധ മാർച്ചിലെ പൊലീസ് ലാത്തി ചാർജ് ഓർമ്മപ്പെടുത്തിയായിരുന്നു സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൊലീസ് ലാത്തിച്ചാർജിൽ അന്ന് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ എം പി പ്രവീണിനും ജില്ലാ സെക്രട്ടറി മേഘാ രഞ്ജിത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. അന്ന് ചികിത്സാസഹായമായി മേഘയ്ക്ക് 8 ലക്ഷം രൂപ കൈമാറി എന്നായിരുന്നു അരിത ബാബുവിന്റെ ഫേസ്ബുക്കിലെ പരാമർശം. ഇതിനെതിരെയാണ് പോസ്റ്റിനു താഴെ മേഘാ രഞ്ജിത്ത് കമന്റുമായി രംഗത്തെത്തിയത്.

തനിക്ക് പണം കൈമാറിയിട്ടില്ലെന്നും ഇടനിലയ്ക്ക് നിന്ന് ആരാണ് കൈപ്പറ്റിയതെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നുമായിരുന്നു മേഘാ രഞ്ജിത്തിന്റെ കമന്റ്. ഇതോടെ ചികിത്സാസഹായം അട്ടിമറിച്ചു എന്ന വിവാദം സംഘടനക്കുള്ളിൽ ആളിപ്പടർന്നു. വിഷയം മാധ്യമങ്ങളിൽ ചർച്ചയായതോടെ പോസ്റ്റിനു താഴെ വീണ്ടും കമന്റുമായി മേഘാ രഞ്ജിത്ത് രംഗത്ത് എത്തി. തനിക്ക് വേണ്ടി സംഘടന പൊതു പണപ്പിരിവ് നടത്തിയിട്ടില്ല എന്നായിരുന്നു പരാമർശം. ഇതോടെ മേഘ രഞ്ജിത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. യൂത്ത് കോൺഗ്രസിന്റെ മറ്റൊരു ജില്ലാ സെക്രട്ടറിയായ ആകാശ് മേഘക്ക് ലഭിച്ച തുകയുടെ കണക്ക് പരസ്യപ്പെടുത്തി ഫേസ്ബുക്കിൽ പങ്കുവെച്ചു. 8 ലക്ഷത്തിൽ കൂടുതൽ നൽകിയെന്നും കണക്ക് മേഘ അംഗീകരിക്കണമെന്നുമായിരുന്നു ജില്ല സെക്രട്ടറി ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. എന്നാൽ തുക ലഭിച്ചിട്ടില്ലെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് മേഘ രഞ്ജിത്ത്. ഇതോടെ പാർട്ടിക്കുള്ളിൽ ചികിത്സാധന സഹായം അട്ടിമറിച്ചു എന്നാണ് ഉയരുന്ന ആരോപണം.