കോടതികളിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കും, ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക ടോയ്ലറ്റുകൾ വേണം; നിർദേശിച്ച് സുപ്രീംകോടതി
എല്ലാ കോടതികളിലും പുരുഷന്മാർക്കും, സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കും, ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും സുപ്രീംകോടതിയുടെ നിർദ്ദേശം. ശൗചാലയങ്ങൾ, വിശ്രമമുറികൾ എന്നിവ കേവലം സൗകര്യങ്ങൾക്കായി മാത്രമല്ലെന്നും, മനുഷ്യവകാശത്തിന്റെ ഭാഗമാണെന്നും പറഞ്ഞ കോടതി, ഇവയുടെ അപര്യാപ്തത നീതിന്യായ വ്യവസ്ഥയുടെ പിഴവിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
അസമിൽ നിന്നുള്ള അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ബുധനാഴ്ച കോടതി വിധി പറഞ്ഞത്. പൊതുജനാരോഗ്യം പ്രധാനമാണെന്നും ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കപ്പെടുകയും , സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും എതിരെയുള്ള ഭീഷണി ഇല്ലാതാക്കാൻ സാധിക്കുമെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ശൗചാലയ നിർമ്മാണത്തിനും പരിപാലനത്തിനും സംസ്ഥാന സർക്കാരുകൾ ഫണ്ട് അനുവദിക്കണം. പദ്ധതി ആവിഷ്ക്കരിക്കുന്നതിനും അത് നടപ്പിലാക്കി എന്ന് ഉറപ്പുവരുത്താനായി കമ്മിറ്റി രൂപീകരിക്കുന്നതിന് ഓരോ ഹൈകോടതികൾക്കും സുപ്രീം കോടതി ആറാഴ്ച സമയം നൽകിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിർദ്ദേശം ചെയ്യുന്ന ഒരു ജഡ്ജിയായിരിക്കും പാനലിൻ്റെ അധ്യക്ഷൻ.നാല് മാസത്തിനകം ഹൈക്കോടതികളിൽ നിന്ന് റിപ്പോർട്ട് നൽകാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ടോയ്ലറ്റുകൾ നിർമ്മിക്കുന്നതിനോടൊപ്പം അവ പരിപരിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതികൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ പല കോടതികളിലും പഴയതും ഉപയോഗശൂന്യവുമായ ടോയ്ലറ്റുകളാണെന്നും, വെള്ളത്തിന്റെ ലഭ്യതക്കുറവ് , വാതിലുകൾ ഇല്ലാത്ത അവസ്ഥ , പൊട്ടിയ ടാപ്പുകൾ എന്നിങ്ങനെ ടോയ്ലറ്റുകളുടെ അവസ്ഥ വളരെ മോശമാണെന്നും കോടതി കണ്ടെത്തി.
പൊതുസ്ഥലങ്ങളിലെ പോലെ ഹൈക്കോടതി പരിസരത്തും ജഡ്ജിമാർക്കും, അഭിഭാഷകർക്കും, ജീവനക്കാർക്കും ശുചിമുറി സൗകര്യം ഉണ്ടായിരിക്കണമെന്നും, അവ പരിപാലിക്കപെടുന്നുണ്ടോ, എല്ലാവർക്കും അക്സസ്സ് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നും ,ആർക്കും അസൗകര്യമില്ല എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിർദ്ദേശിച്ചു.