Wednesday, June 3, 2026
Latest:
KeralaTop News

ധാർമികതയുടെ കണികയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം; എം. എം ഹസ്സൻ

Spread the love

മുഖ്യമന്ത്രി പിണറായി വിജയന് ധാർമികതയുടെ കണികയുണ്ടെങ്കിൽ രാജിവെക്കണം മാസപ്പടി കേസിൽ ബിജെപി സിപിഎം ബാന്ധവം വ്യക്തമായെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ.

ഇഎംഎസിന് എത്രയോ കുടുംബ സ്വത്ത് ഉണ്ടായിരുന്നു. പക്ഷേ അവരുടെ മക്കളെ കുറിച്ച് ഇങ്ങനെ ആരോപണം ഉയർന്നിട്ടുണ്ടോ. അഴിമതി രഹിതമായ ഭരണം കാഴ്ചവയ്ക്കാൻ മുഖ്യമന്ത്രിക്ക് ആയിട്ടില്ല.കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ആരോപണം ഉയർന്നപ്പോൾ എന്താണ് മുഖ്യമന്ത്രി പറഞ്ഞത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന്, ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാൻ രാജിവെക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്ന വാർത്ത കേൾക്കാൻ കേരളം കാതോർത്തിരിക്കുകയാണെന്നും ഈ ആവശ്യം തന്നെയാണ് ഉയരുന്നതെന്നും എം. എം ഹസ്സൻ കൂട്ടിച്ചേർത്തു.

എന്നാൽ മാസപ്പടിക്കേസിൽ വീണ വിജയനെ എസ്എഫ്ഐഒ പ്രതി ചേർത്തതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങളും, വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. കേസ് മുഖ്യമന്ത്രിയിലേക്ക് എത്തിച്ച് രാജി ആവശ്യവും ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജി ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

അതേസമയം, മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ വീണ വിജയൻ്റെ അറസ്റ്റിന് സാധ്യതയേറിയിരിക്കുകയാണ്. വിചാരണ നടപടികൾക്ക് തൊട്ടുമുൻപായി എസ്എഫ്ഐഒ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തണം. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ ഉടൻ സമൻസ് അയക്കും. ഇതിനിടെ കേസിൽ എസ്എഫ്ഐഒ റിപ്പോർട്ടു മൂന്നുമാസം മുമ്പ് തയ്യാറായിരുന്നതായാണ് വിവരം. ഡൽഹി ഹൈക്കോടതിയിലെ കേസ് നടക്കുമ്പോൾ തന്നെ പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന് എസ്എഫ്ഐഒ സമർപ്പിച്ചിരുന്നു. കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം പച്ചക്കൊടി കാട്ടുകയും ഡൽഹി ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളുകയും ചെയ്തതോടെ നടപടികൾ വേഗത്തിൽ ആക്കുകയായിരുന്നു.

ഷെഡ്യൂൾഡ് ഒഫൻസ് വന്നതോടെ തങ്ങൾ രജിസ്റ്റർ ചെയ്ത കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. എസ്എഫ്ഐഒയിൽ നിന്നും കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇഡി തേടിയിട്ടുണ്ട്. പ്രതികളെ ഇഡിയും വൈകാതെ സമൻസ് നൽകി വിളിച്ചുവരുത്തും. ഇതിനിടെ എസ്എഫ്ഐഒ കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്.