സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രി സംഘത്തിന്റെ വിദേശ യാത്ര; യാത്ര 10 കോടി രൂപ ചെലവിട്ട്
സാമ്പത്തിക പ്രതിസന്ധിക്കിടെ പത്ത് കോടി ചിലവിട്ട് മന്ത്രി സംഘത്തിന്റെ വിദേശ യാത്ര. ദാവോസിൽ ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന ഒൻപതംഗ സംഘത്തിന്റെ യാത്ര. ചെലവ് തുകയെ ബജറ്റ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. ട്രഷറി നിയന്ത്രണത്തിലും ഇളവ് ഉണ്ട്.
ചെലവ് തുക മുൻകൂറായി അനുവദിക്കാമെന്നും ഉത്തരവ്. മന്ത്രി പി.രാജീവ് , ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ഉൾപ്പടെ 9 പേരടങ്ങുന്ന സംഘമാണ് സ്വിറ്റ്സർലൻ്റ് സന്ദർശിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് മന്ത്രി സംഘത്തിന്റെ വിദേശയാത്ര. സാമ്പത്തിക പ്രതിസന്ധി മൂലം വകുപ്പുകളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരുന്നു. എല്ലാ വകുപ്പുകളുടെയും ബജറ്റ് വിഹിതം 50 ശതമാനമായി നിജപ്പെടുത്തിയിരുന്നു.
മന്ത്രിസംഘത്തിന്റെ വിദേശയാത്ര ധൂര്‍ത്താണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുത്ത് കേരളത്തിന്റെ നേട്ടങ്ങളും നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ടിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 50 സ്‌ക്വയര്‍ഫീറ്റിലുള്ള സ്റ്റാള്‍ കൂടി തുറക്കുന്നതിനാണ് 10 കോടി അനുവദിച്ചിരിക്കുന്നത്. ചെലവുകള്‍ ചുരുക്കണമെന്ന് ധനവകുപ്പിന്റെ നിര്‍ദേശത്തിനിടെയാണ് വിദേശയാത്ര.