Tuesday, January 14, 2025
KeralaTop News

കേക്ക് വിവാദം മാധ്യമസൃഷ്ടി മാത്രം, സമസ്തയിലെ തര്‍ക്കങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരമായിട്ടില്ല: ഹമീദ് ഫൈസി അമ്പലക്കടവ്

Spread the love

സമസ്തയിലെ തര്‍ക്കങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരമായിട്ടില്ലെന്ന് സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. പ്രശ്‌നപരിഹാരത്തിനുള്ള ചുവടുവയ്പ്പായിരുന്നു ഇന്നലത്തെ ചര്‍ച്ചയെന്ന് ഹമീദ് ഫൈസി പറഞ്ഞു. കേക്ക് വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയിലെ ലീഗ് വിരുദ്ധരുമായി ചര്‍ച്ച നടത്തിയതിന്റെ തുടര്‍നടപടിയെന്നോണമാണ് ഇന്നലെ സമസ്തയിലെ ഒരു വിഭാഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്. ഹമീദ് ഫൈസിയും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. തന്നെ ലീഗ് വിരുദ്ധനായി ചിത്രീകരിച്ച് വരുത്ത വാര്‍ത്തകളെ ട്വന്റിഫോറിലൂടെ ഹമീദ് പൂര്‍ണമായി തള്ളി. ഇതെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയിലെ മറു വിഭാഗമായും തങ്ങളും ലീഗ് നേതൃത്വവും ഇനി ചര്‍ച്ച നടത്തുമെന്നും ഉമര്‍ ഫൈസിയുടെ ഖാസി പരാമര്‍ശം സദിഖലി തങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ്-സമസ്ത തര്‍ക്കമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതിനിടെയാണ് സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് മുറിച്ചതിനെതിരെ ഹമീസ് ഫൈസി അമ്പലക്കടവിന്റെ പരസ്യവിമര്‍ശനം ഏറെ ചര്‍ച്ചയായത്. കേക്ക് മുറിച്ചതുമായി ബന്ധപ്പട്ട് പാണക്കാട് സാദിക് അലി തങ്ങളെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇസ്ലാമിക നിയമം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് ഹമീദ് ഫൈസിയുടെ വിശദീകരണം.