‘അൻവറിന്റെ പിന്തുണ സ്വാഗതാർഹം; സ്ഥാനാർത്ഥിയാരെന്നത് പാർട്ടി സംവിധാനം തീരുമാനിക്കും’; രമേശ് ചെന്നിത്തല
പിവി അൻവർ യുഡിഎഫിന് പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല. അൻവറിന്റെ പിന്തുണ സ്വാഗതാർഹം. പിവി അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല എന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. അൻവർ യുഡിഎഫിനെ രേഖമൂലം അറിയിക്കുമ്പോൾ ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അൻവർ ഉന്നയിച്ച വിഷയങ്ങൾ ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഉന്നയിച്ച കാര്യങ്ങൾ അൻവർ പറഞ്ഞപ്പോൾ ജനങ്ങൾക്ക് കൂടുതൽ വിശ്വാസം വന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിക്ക് സിസ്റ്റമുണ്ട്. സ്ഥാനാർത്ഥിയാരെന്നത് പാർട്ടി സംവിധാനം തീരുമാനിക്കും. അൻവറിന് നിർദ്ദേശിക്കാനുള്ള അവകാശം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ പിന്തുണക്കില്ലെന്ന് പിവി അൻവർ വ്യക്തമാക്കി. പിന്തുണക്കാൻ കുറച്ച് പ്രയാസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ മലയോര മേഖലയിൽ നിന്നുള്ള ക്രൈസ്തവരെ മത്സരിപ്പിക്കണം. ഇത് യു.ഡി എഫിനോടുള്ള അഭ്യർത്ഥനയാണിത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി. എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. നിലമ്പൂരിൽ വി എസ് ജോയി മത്സരിച്ചാൽ 30000 വോട്ടിന് ജയിക്കുമെന്ന് അൻവർ പറഞ്ഞിരുന്നു.