‘അൻവറിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പാണ് ലക്ഷ്യം’; കെ. മുരളീധരൻ
പി വി അൻവറിന്റെ രാജി അദ്ദേഹത്തിന്റെ താൽപര്യമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം രാജിവെച്ചത് നല്ല മാതൃക.ആ മാതൃക കെ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. അൻവറിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നിലവിലെ ലക്ഷ്യമെന്നും കെ മുരളീധരൻ പറഞ്ഞു
കോൺഗ്രസ് സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കും.സിറ്റിംഗ് സീറ്റിൽ മാത്രമേ ജയിച്ചിട്ടുള്ളൂ എന്ന പരാതി നിലമ്പൂരിൽ പരിഹരിക്കും.ആരു പിന്തുണ തന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയ അൻവർ, DCC പ്രസിഡന്റ് വി എസ് ജോയിയെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർഥിയെ കോൺഗ്രസും മുന്നണിയും ചേർന്ന് തീരുമാനിക്കുമെന്നാണ് യൂഡിഎഫ് നേതാക്കളുടെ പ്രതികരണം. പി വി അൻവർ ഒരു ചലനവും ഉണ്ടാക്കില്ലെന്നായിരുന്നു സിപി എംഎമ്മിന്റെ പ്രതികരണം.
നിയമസഭാ മന്ദിരത്തിൽ നേരിട്ടെത്തിയാണ് സ്പീക്കർ എ എൻ ഷംസീറിന് പി വി അൻവർ രാജിക്കത്ത് കൈമാറിയത്. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന് മുന്നോടിയായി മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് രാജിയെന്ന് പി.വി അൻവർ. ഉപതിരഞ്ഞെടുപ്പ് നടന്നാൽ നിലമ്പൂരിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ പി വി അൻവർ, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.