ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ സംഭവം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
ബസ് ജീവനക്കാരുടെ അശ്രദ്ധയെത്തുടർന്ന് ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരന്റെ ലൈസൻസ് റദ്ദാക്കി. ബസിലെ ഡ്രൈവർ സഹദിന്റെ ലൈസൻസാണ് രണ്ട് മാസത്തേക്ക് സസ്പെൻറ് ചെയ്തതെന്ന് ജോ. ആർ.ടി.ഒ കെ.എസ്. ബിനീഷ് അറിയിച്ചു.
ആലുവ എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി ഐ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ നയനക്കാണ് പരിക്കേറ്റത്. എടയപ്പുറം നേച്ചർ കവലയിലെ വളവ് വേഗത്തിൽ തിരിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണത്. കിസ്മത്ത് എന്ന ബസാണ് അപകടം വരുത്തിയത്.
ബസിന്റെ വാതിൽ ശരിയായ വിധത്തിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്ന് യാത്രക്കാർ പരാതിപ്പെട്ടിരുന്നു. ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്ത പരാതിയുണ്ട്.